പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ 18 വയസാകുമ്പോൾ വിവാഹം ചെയ്യാമെന്ന് വിവാഹിതനായ പ്രതി; പോക്‌സോ കേസിൽ ജാമ്യം നൽകി മുംബൈ കോടതി; ഇത് പ്രതിയുടെ അടവാണെന്ന് പോലീസ്

child

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് വിചിത്ര നിബന്ധനയോടെ ജാമ്യം നൽകി കോടതി. 16കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് പോക്‌സോ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇയാൾ മറ്റൊരു വിവാഹം ചെയ്തതാണ്. ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു കോടതിയുടെ വിധി.

പെൺകുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് കോടതി നിരീക്ഷണം. വിവാഹിതനായ പ്രതി പെൺകുട്ടിയ്ക്ക് രണ്ടുവർഷം കഴിഞ്ഞ് 18 വയസാകുമ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് യുവാവിന്റെ ജാമ്യത്തിന് എതിർപ്പില്ലെന്ന് അറിയിച്ച് സത്യവാങ്മൂലം കോടതിയിൽ നൽകുകയും ചെയ്തു.

കുഞ്ഞിന് ജന്മം നൽകുന്ന മകൾക്ക് യുവാവ് തന്നെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും മാതാവ് കോടതിയെ അറിയിച്ചു. മുമ്പ് ജാമ്യം തള്ളിയതിനെ തുർന്ന് പ്രതി വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, പ്രതിയായ യുവാവിന് ജാമ്യം നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തു. യുവാവിന്റെ ആദ്യഭാര്യ രണ്ടാം വിവാഹത്തെ എതിർക്കുമെന്ന് കോടതിയെ അറിയിച്ചു. ഭാവിയിലെ അനന്തരഫലങ്ങൾ മനസിലാക്കാൻ കഴിയാത്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതി പറഞ്ഞ് പറ്റിക്കുകയായിരുന്നെന്നും കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വിവാഹം എന്ന മാർഗം യുവാവ് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി യുവാവിനോട് പറഞ്ഞപ്പാൾ സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന് മറച്ചുവെയ്ക്കുകയും ചെയ്തു. എന്നാൽ, ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കി പെൺകുട്ടി ഗർഭിണിയാണെന്ന് മാതാവ് മനസിലാക്കിയതോടെ കുടുംബം 25കാരനെതിരെ പരാതി നൽകുകയായിരുന്നു. ഒക്‌ടോബർ 23നാണ് ഇയാൾ അറസ്റ്റിലാകുന്നത്.

അതേസമയം, പ്രതിയുടെ ആദ്യവിവാഹത്തെക്കുറിച്ച് പെൺകുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നും പ്രതിയെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് സമ്മതമാണെന്നുമായിരുന്നു എന്നുമാണ് കോടതി നിരീക്ഷണം. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ വിവാഹം കഴിക്കാമെന്ന് പ്രതി ഉറപ്പുനൽകുകയും ചെയ്തു. അതിനാൽ പരസ്പര സമ്മതത്തോടെയാണ് ഇരുവരുടെയും ബന്ധമെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25കാരന് ജാമ്യം അനുവദിക്കുകയായിരുന്നു.

Exit mobile version