ഒരു ആരാധനാലയം തകർത്ത കുറ്റവാളികളാണ് കർഷകരോട് സമാധാനത്തെകുറിച്ച് ക്ലാസെടുക്കുന്നത്; കർഷകരെ പിന്തുണച്ച് സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് സിദ്ധാർത്ഥ്

siddharth-1

ചെന്നൈ: കർഷകരുടെ റിപ്പബ്ലിക് ദിന റാലിക്കിടെ സാമൂഹ്യവിരുദ്ധർ കടന്നുകൂടി അക്രമം കാണിച്ച സംഭവത്തിൽ കർഷകരെ ഒന്നടങ്കം കുറ്റപ്പെടുത്തുകയും സമാധാമപരമായി സമരം ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നവരെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. കർഷകർ നടത്തിയ ട്രാക്ടർ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടൻ രംഗത്തെത്തുകയായിരുന്നു. ഒരു ആരാധനാലയം തകർത്ത കുറ്റവാളികളാണോ കർഷകരോട് സമാധാനപരമായി പ്രതിഷേധിക്കാൻ ഉപദേശിക്കുന്നത് എന്നാണ് സിദ്ധാർത്ഥ് ചോദിക്കുന്നത്.

‘ഒരു ആരാധനാലയം തകർത്ത് ഇല്ലാതാക്കിയവരെ നമ്മൾ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങൾ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാൻ പറയുന്നത്. വല്ലാത്ത മലക്കംമറച്ചിൽ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ജയ് ശ്രീ റാം’- സിദ്ധാർത്ഥ് കുറിക്കുന്നു.

റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലി വലിയ സംഘർഷത്തിന് കാരണമായിരുന്നു. സമാധാനപരമായി റാലി നടത്തുകയായിരുന്ന കർഷകർക്കിടയിലേക്ക് കടന്നുകയറിയവരാണ് റാലി വഴി തിരിച്ചുവിട്ടതെന്നും ചെങ്കോട്ട കൈയ്യടക്കിയതെന്നും കർഷക സംഘടനകൾ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, പ്രതിഷേധക്കർക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു കർഷകൻ മരണപ്പെടുകയും ചെയ്തിരുന്നു. കർഷകന്റെ മരണം ട്രാക്ടർ മറിഞ്ഞാണെന്നാണ് പോലീസ് വാദം.

സിംഘു, തിക്രി അതിർത്തികളിലൂടെയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. പകൽ പന്ത്രണ്ടു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രാക്ടർ റാലിക്ക് പോലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് ലംഘിച്ച് പോലീസിന്റെ ബാരിക്കേഡുകൾ തകർത്താണ് അതിർത്തിൽനിന്നും കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിലും മറ്റുമായി മാർച്ച് നടത്തിയത്.

പ്രതിഷേധത്തെ തുടർന്ന് ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്ക് പിന്നിലെ നിജസ്ഥിതി ഇന്നലെ പുറത്തുവന്നിരുന്നു. ചെങ്കോട്ടയിൽ കർഷരുടെ കൊടി ഉയർത്തിയത് ബിജെപി അനുകൂല സംഘടനാ നേതാവ് കൂടിയായ പഞ്ചാബി നടൻ ദീപ് സിദ്ധുവും സംഘവുമാണെന്ന് വ്യക്തമായി. ഡൽഹിയിലെ പ്രതിഷേധപ്രകടത്തിനിടെ നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിരുന്നു.

Exit mobile version