കർഷകൻ മരിച്ചത് പോലീസ് വെടിയേറ്റാണെന്ന് കർഷകർ; ട്രാക്ടർ മറിഞ്ഞാണെന്ന് പോലീസ്; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

farmers-rally

ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലി നടക്കുന്നിടെ ഒരു കർഷകൻ മരിച്ച സംഭവത്തിൽ ആരോപണങ്ങൾ ഉയർന്നതോടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്. ഉത്തരാഖണ്ഡ് ബജ്പുർ സ്വദേശി നവ്ദീപ് സിങി(26)ന്റെ മരണത്തിന് പിന്നാലെയാണ് പോലീസ് നടപടി. യുവകർഷകനായ നവ്ദീപ് അടുത്തിടെയാണ് വിവാഹിതനായത്.

ഈ കർഷകന്റെ മരണം പോലീസിന്റെ വെടിയേറ്റാണെന്ന ആരോപണം കർഷക സംഘടനകൾ ഉൾപ്പടെയുള്ളവർ ഉയർത്തിയിരുന്നു. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ് രംഗത്തെത്തിയത്. ട്രാക്ടർ ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം എന്നാണ് പോലീസിന്റെ വാദം. ഈ വാദങ്ങൾ സ്ഥാപിക്കാനാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.

എന്നാൽ പോലീസിന്റെ വെടിയേറ്റതോടെ നവ്ദീപ് ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡിൽ ഇടിച്ചു മറിയുകയുമായിരുന്നുവെന്ന് കർഷകർ പറയുന്നു. ഡൽഹി ഐടിഒയിലായിരുന്നു സംഭവം. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു പിന്നീട് മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റുകയും റോഡിൽ കിടത്തുകയും ചെയ്തിരുന്നു.

Exit mobile version