ഇതരജാതിയിൽ നിന്നും വിവാഹം ചെയ്തു; ദമ്പതികൾക്ക് ഊരുവിലക്ക്; ക്ഷേത്രത്തിൽ പ്രവേശിക്കരുത്; 2.5 ലക്ഷം പിഴയും

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ജാതിയുടെ പേരിൽ വിവേചനം. ജാതി മാറി വിവാഹം ചെയ്ത ദളിത് ദമ്പതികൾക്ക് ഊര് വിലക്ക് ഏർപ്പെടുത്തി നാട്ടുകൂട്ടം. ദമ്പതികൾക്ക് പിഴയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്കുമാണ് നാട്ടുകൂട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പതൂരിലാണ് സംഭവം. കനഗരാജ് (26), ജയപ്രിയ (23) എന്നിവരാണ് വിലക്ക് അനുഭവിക്കുന്നത്. ഇരുവരും യഥാക്രമം മുരച്ച പറയർ, താമന പറയർ വിഭാഗങ്ങളിൽപ്പെടുന്നരാണ്. ജയപ്രിയയുടെ മാതാപിതാക്കൾ ഇവരുടെ ബന്ധത്തിന് എതിരുനിന്നതോടെ 2018 ജനുവരിയിൽ ഇരുവരും പുല്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ചെന്നൈയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്ന കനഗരാജിന് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ജോലി നഷ്ടമായിരുന്നു. പിന്നാലെ, കനഗരാജ്, ജയപ്രിയക്കൊപ്പം പുല്ലൂരിലേക്ക് തിരിച്ചെത്തി. ഇവർ നാട്ടിലേക്ക് മടങ്ങിയെത്തിയാൽ 2.5 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് നേരത്തെ തന്നെ നാട്ടുകൂട്ടം ചേർന്ന് തീരുമാനമെടുത്തിരിക്കുകയായിരുന്നു.

”മറ്റ് ജാതികളിൽ നിന്ന് വിവാഹം കഴിച്ചാൽ പിഴ അടയ്ക്കണമെന്നത് ഞങ്ങളുടെ ഗ്രാമത്തിൽ പതിവുരീതിയാണ്. സാധാരണയായി പിഴ 5000 10,000 രൂപവരെയാകും. എന്നാൽ ഞങ്ങൾക്ക് 2.5 ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. 25,000 രൂപവരെ കൊടുക്കാൻ ഞാൻ തയാറായിരുന്നു. എന്നാൽ അവർ അത് സ്വീകരിക്കാൻ തയാറായില്ല. ഇനി പിഴ അടയ്ക്കാൻ ഞാൻ ഒരുക്കമല്ല. നാട്ടുകൂട്ടം പിഴ അടയ്ക്കാൻ സമ്മർദം ചെലുത്തുകയാണ്. ഉത്സവത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് എന്നെയും ഭാര്യയെയും വിലക്കി. ഞങ്ങൾ മടങ്ങി വന്നശേഷം രണ്ടുതവണ നാട്ടുകൂട്ടം ചേർന്ന് പിഴ നിർബന്ധമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു” കനഗരാജ് പറയുന്നു.

സംഭവത്തിൽ ദമ്പതികൾ തിമാംപേട്ട പോലീസിൽ പരാതി നൽകി. നാട്ടുകൂട്ടത്തിന്റെ തലവന്മാരായ എല്ലപ്പൻ, നാഗേഷ് എന്നിവർ പോലീസ് അന്വേഷണത്തിനിടെ പിഴ ഈടാക്കുന്നത് പിൻവലിക്കാമെന്ന് സമ്മതിച്ചതാണ്. എന്നാൽ പിഴ അടയ്ക്കണമെന്നാണ് അവർ ഇപ്പോഴും തങ്ങളോട് ആവശ്യപ്പെടുന്നതെന്ന് കനഗരാജ് പറയുന്നു. എന്നാൽ ദമ്പതികളിൽ നിന്ന് പിഴ ഈടാക്കിയിട്ടില്ലെന്നാണ് എല്ലപ്പൻ പ്രതികരിച്ചത്.

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം നടത്തിയതിനെ തുടർന്ന് രണ്ട് വീട്ടുകാരും തമ്മിൽ വഴക്കുണ്ടായി. ഗ്രാമത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയാൽ അവർ 500 രൂപ പിഴ നൽകണമെന്നാണ് വ്യവസ്ഥ. ഈ ഗ്രാമവാസികൾ പാവപ്പെട്ടവരാണെന്ന് എനിക്കറിയാം. അങ്ങനെയിരിക്കെ പഞ്ചായത്ത് എങ്ങനെയാണ് ഇത്രവലിയ തുക പിഴയായി ചുമത്തുക എന്നാണ് എല്ലപ്പൻ പറയുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന ക്ഷേത്ര ഉത്സവത്തിനിടെ കനഗരാജിന്റെ പിതാവിനെ എല്ലപ്പനും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കനഗരാജ് പോലീസിൽ പരാതി നൽകി. കനഗരാജിനും കുടുംബത്തിനുമെതിരെ എല്ലപ്പനും പോലീസിൽ പരാതി നൽകി. പണകൈമാറ്റം നടക്കാത്തതിനാൽ പിഴ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പരാതിയും നിലവിലില്ലെന്ന് തിരുപ്പതൂർ ജില്ലാ പോലീസ് സൂപ്രണ്ട് വിജയകുമാർ പറഞ്ഞു.

Exit mobile version