കമല്‍നാഥ് മധ്യപ്രദേശിനെ നയിക്കും; എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനമായി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗമാണ് കമല്‍നാഥിനെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പ് വിജയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ച സജീവമായിരുന്നു. കമല്‍നാഥ്, ജ്യോതിരാഥിത്യ സിന്ധ്യ, എന്നിവര്‍ക്കായിരുന്നു മുന്‍തൂക്കം. ഇതില്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച സിന്ധ്യയുടെ പേരായിരുന്നു ഉയര്‍ന്ന് കേട്ടത്. എന്നാല്‍ മുതിര്‍ന്ന നേതാവായ കമല്‍നാഥ് മതിയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിലാണ് ഇപ്പോള്‍ തീരുമാനം വന്നിരിക്കുന്നത്. കമല്‍നാഥിന്റെ പേര് സിന്ധ്യ തന്നെയാണ് നിര്‍ദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

230 അംഗ നിയമസഭയില്‍ 114 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചിരുന്നു. 114 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമേ ബിഎസ്പി, എസ്പി അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണ സര്‍ക്കാരിനുണ്ട്. തുടര്‍ന്ന് കമല്‍നാഥ്, ജ്യോതിരാഥിത്യ സിന്ദ്യ, ദിഗ്‌വിജയ്‌സിംഗ് എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര നിരീക്ഷകനായി എകെ ആന്റണി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു.

Exit mobile version