കാർഷിക നിയമം കാരണം നാടും വീടും നഷ്ടപ്പെട്ടിട്ട് ജീവൻ മാത്രമുണ്ടായിട്ട് എന്തുകാര്യം? കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ നാട്ടിലേക്ക് മടങ്ങില്ല: കർഷകർ

farmers protest

ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ സമരം നിർത്തിവെച്ച് കോവിഡ് വാക്‌സിൻ സ്വീകരിക്കാനായി മാത്രം നാട്ടിലേക്ക് മടങ്ങില്ലെന്ന് കർഷക സംഘടനകൾ. മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിക്കാതെ വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് പ്രതിഷേധിക്കുന്ന കർഷകർ പറയുന്നത്.

രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് രണ്ട് ദിവസം മുമ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കർഷകരുടെ പ്രതികരണം. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നതെങ്കിലും തുടർന്ന് മുൻനിര പ്രവർത്തകർ, പ്രായമായവർ എന്നിവർക്ക് വാക്‌സിൻ കുത്തിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അതേസമയം, ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരായതിനാൽ വാക്‌സിൻ വിതരണത്തിൽ വലിയ വീഴ്ച സംഭവിക്കാൻ ഇത് കാരണമാകും.

പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ റദ്ദാക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്നാണ് കർഷകരുടെ നിലപാട്. യാതൊരു ചെറുത്തുനിൽപ്പുമില്ലാതെ കാർഷിക നിയമങ്ങൾ പാസാക്കാനുള്ള സർക്കാറിന്റെ തന്ത്രം മാത്രമാണ് ലോക്ക്ഡൗൺ എന്നു കർഷകർ ആരോപിച്ചു.

കോവിഡ് മരണനിരക്ക് സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ വിശ്വസിക്കുന്നില്ലെന്നും കർഷകർ പ്രതികരിച്ചു. ആദ്യ ദിവസം മുതൽ ഇവിടെയുണ്ടെന്നും ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിട്ടും 100-200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തിൽ ആർക്കും കോവിഡ് ബാധിച്ചില്ലെന്ന് കർഷകനായ ബൽപ്രീത് സിങ് പറഞ്ഞു. രോഗത്തെക്കാൾ മാരകമാണ് രോഗത്തെക്കുറിച്ചുള്ള ഭയം. കാർഷിക നിയമങ്ങൾ കാരണം ഞങ്ങളുടെ സ്ഥലവും വീടുകളും നഷ്ടപ്പെട്ടാൽ വാക്‌സിൻ കൊണ്ട് എന്തു ചെയ്യുമെന്ന് ബൽപ്രീത് സിങ് ചോദിക്കുന്നു.

ഈ പോരാട്ടം തുടരുമെന്നും ഇപ്പോൾ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനായി കാത്തിരിക്കുകയാണെന്നും കർഷകർ പറയുന്നു. നേരത്തെ, ട്രാക്ടർ റാലി ഒഴിവാക്കാമെന്ന തീരുമാനത്തിൽ കർഷക സംഘടനകൾ എത്തിയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Exit mobile version