സ്‌റ്റേ പോര; കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ; സമരമവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്‌തെന്ന് കേന്ദ്രം; ക്ഷമയെ കുറിച്ച് ക്ലാസെടുക്കേണ്ടെന്ന് കോടതിയും

farmers

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്താലും പ്രക്ഷോഭം തുടരുമെന്നു സമരം ചെയ്യുന്ന കർഷകർ. നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കർഷക സംഘടനകൾ അറിയിച്ചു. കോടതി ഇടപെടൽ വിശദമായി ചർച്ച ചെയ്യാൻ ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘടനകൾ ഇന്നു യോഗം ചേരുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരായ കോടതിയുടെ രൂക്ഷ പരാമർശങ്ങളെ സ്വാഗതം ചെ്തിട്ടുണ്ടെങ്കിലും നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.

അതേസമയം, നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം സ്വീകാര്യമല്ല. സമരക്കാരുടെ വാദം അന്യായമാണ്. കാർഷിക നിയമങ്ങളെ എതിർക്കുന്നത് ഏതാനും കർഷകർ മാത്രമെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്നും സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. നിയമങ്ങൾ സ്റ്റേ ചെയ്യാനുള്ള നീക്കത്തെ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ എതിർക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിൽ സ്റ്റേ താൽക്കാലിക നടപടിയേ ആകൂവെന്നു ഭാരതീയ കിസാൻ യൂണിയൻ ഹരിയാന പ്രസിഡന്റ് ഗുർനാം സിങ് ചദുനി പ്രതികരിച്ചു. കേന്ദ്രം നിയമങ്ങൾ മരവിപ്പിച്ചാലും പ്രക്ഷോഭം അവസാനിപ്പിക്കില്ല. 15നു സർക്കാരുമായി നടത്തുന്ന ഒൻപതാം ചർച്ചയിൽ ഇക്കാര്യമറിയിക്കുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കേന്ദ്രത്തിനെതിരെ കോടതി രൂക്ഷമായ വിമർശനമാണ് നടത്തിയത്. രക്തചൊരിച്ചിൽ ഉണ്ടായാൽ കേന്ദ്രം എന്തുചെയ്യുമെന്നും സ്വീകര്യമല്ലാത്ത നിയമങ്ങൾ തൽക്കാലം മരവിപ്പിച്ചുകൂടെയെന്നുമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. വിവാദ കൃഷി നിയമങ്ങൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെങ്കിൽ തങ്ങളതു ചെയ്യുമെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇല്ലാത്ത അധികാരം പ്രയോഗിച്ചുവെന്നോ ഭരണഘടനാവിരുദ്ധമെന്നോ കണ്ടെത്തിയാൽ മാത്രമേ സുപ്രീം കോടതിക്കു നിയമം സ്റ്റേ ചെയ്യാനാകൂ. ദക്ഷിണേന്ത്യയിലെ കർഷകർ സമരം ചെയ്യാത്തത് നിയമങ്ങളുടെ മെച്ചം അറിയാവുന്നതിനാലാണെന്നും ആണ് കേന്ദ്ര സർക്കാരിന്റെ വാദം.

വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതിയെയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. പ്രശ്‌നപരിഹാരത്തിന് ഇനിയും സാവകാശം നൽകാനാവില്ലെന്നും കോടതി പറഞ്ഞു.

”ചിലർ ആത്മഹത്യ ചെയ്തു. പ്രായം ചെയ്യന്നവരും സ്ത്രീകളും സമരം ചെയ്യുന്നു. എന്താണു സംഭവിക്കുന്നത് ? കോടതിയുടെ കൈകളിൽ രക്തം പുരളാൻ താൽപര്യപ്പെടുന്നില്ല. നിയമങ്ങൾ തൽക്കാലം മരവിപ്പിച്ചതുകൊണ്ട് എന്താണു കുഴപ്പം? നിയമങ്ങളെ അനുകൂലിച്ച് ഒരു ഹർജി പോലും ഞങ്ങളുടെ മുന്നിലില്ല”- കോടതി പറഞ്ഞു. നിയമങ്ങൾ ഭരണഘടനാവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഏതാനും ഹർജികളാണ് കോടതി കഴിഞ്ഞദിവസം പരിഗണിച്ചത്.

Exit mobile version