വെള്ളിയാഴ്ച എല്ലാ ജില്ലകളിലും വാക്‌സിന്‍ ഡ്രൈ റണ്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നാളെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു.

കോവിഡ് വാക്സിന് അനുമതി നല്‍കിയതോടെ വളരെ തിടുക്കത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏതാനും ജില്ലകളില്‍ ഡ്രൈ റണ്‍ കേന്ദ്രം നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ജനുവരി 2-ന് നേരത്തേ ഡ്രൈ റണ്‍ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങള്‍ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്‌സീന്‍ വിതരണം നടത്തണമെന്ന നടപടിക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സീന്‍ വിതരണം ജനുവരി 13-ന് തുടങ്ങാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇതിന് മുന്നോടിയായാണ് വീണ്ടും ഡ്രൈറണ്‍ നടത്തുന്നത്.

അതേസമയം, രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുക ഈ മാസം 13 മുതല്‍ ആയിരിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളാണുണ്ടാകുക കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്‌സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്‌സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Exit mobile version