ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ ഈ പാഠം വെറും തുടക്കം മാത്രം; യഥാര്‍ത്ഥ തിരിച്ചടി 2019ല്‍; ബിജെപിയെ കൊട്ടി തേജസ്വി യാദവ്

അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി തറപറ്റിയതോടെ പരിഹസിച്ചും കോണ്‍ഗ്രസിന്റെ വിജയത്തെ അഭിനന്ദിച്ചും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി തറപറ്റിയതോടെ പരിഹസിച്ചും കോണ്‍ഗ്രസിന്റെ വിജയത്തെ അഭിനന്ദിച്ചും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് നേടിയ വിജയ്തതിന് പിന്നില്‍ ബിജെപി വിരുദ്ധ വികാരമാണെന്ന് തേജസ്വി അഭിപ്രായപ്പെട്ടു. ബിജെപിക്ക് കിട്ടേണ്ട വിധി തന്നെയാണ് ഇതെന്നും തേജസ്വി പ്രതികരിച്ചു.

ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ പാഠമാണ് ഇത്. ഇത് വെറും ഒരു തുടക്കമാണ്. ബിജെപിയ്ക്കുള്ള യഥാര്‍ത്ഥ തിരിച്ചടി 2019 ല്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. ബിജെപിയുടെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അത്രയ്ക്ക് മടുത്തു കഴിഞ്ഞെന്നും തേജസ്വി യാദവ് പറഞ്ഞു.

അതേസമയം, നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ന് രാവിലെയോടെയാണ് മധ്യപ്രദേശില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 109 സീറ്റുകള്‍ നേടി. ബിഎസ്പി രണ്ടിടത്തും സമാജ് വാദി പാര്‍ട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് വിജയം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു.

Exit mobile version