പ്ലാറ്റ്‌ഫോമിനും ഓടുന്ന തീവണ്ടിക്കും ഇടയിലേക്ക് യാത്രക്കാരന്‍; സാഹസികമായി രക്ഷിച്ച് പോലീസുകാരന്‍

മുംബൈ: തീവണ്ടിയില്‍ ഓടിക്കയറുന്നതിനിടെ വീണ യാത്രക്കാരന്റെ ജീവന് രക്ഷയായി പോലീസുകാരന്‍. മുംബൈ പോലീസിലെ കോണ്‍സ്റ്റബിള്‍ യോഗേഷ് ഹിരേമഠാണ് സാഹസികമായി യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്.

മഹാരാഷ്ട്രയിലെ ദഹിസര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടുന്ന തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും തീവണ്ടിക്കും ഇടയിലെ വിടവിലൂടെ താഴെ വീഴാന്‍ പോയ ആളെ അതിസാഹസികമായാണ് യോഗേഷ് രക്ഷിച്ചത്.

തീവണ്ടി നീങ്ങിത്തുടങ്ങിയതിനു ശേഷമാണ് ഈ യാത്രക്കാരന്‍ പ്ലാറ്റ്ഫോമിലെത്തിയത്. തുടര്‍ന്ന് തീവണ്ടിയിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ഈ സമയത്ത് യോഗേഷ് അദ്ദേഹത്തെ പിന്നിലേക്ക് പിടിച്ചുവലിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.

യോഗേഷ് രക്ഷപ്പെടുത്തിയ ആള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. യോഗേഷ് യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ മുംബൈ പോലീസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version