തന്റെ പേരിലെ അഴിമതിക്കുറ്റം രാഷ്ട്രീയ പ്രേരിതം; രാജ്യം വിട്ട് ഓടിപ്പോകില്ലെന്നും റോബര്‍ട്ട് വദ്ര

വദ്രയുടെയും അദ്ദേഹവുമായി ബന്ധമുള്ളവരുടെയും വസതികളില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തിയിരുന്നു.

ന്യൂഡല്‍ഹി: തന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ അഴിമതിക്കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. കേസ് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വദ്രയുടെയും അദ്ദേഹവുമായി ബന്ധമുള്ളവരുടെയും വസതികളില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വദ്രയുടെ പ്രതികരണം.

എല്ലാ നോട്ടീസുകള്‍ക്കും തങ്ങള്‍ മറുപടി നല്‍കിയിരുന്നു. തന്റെ കുടുംബം സമ്മര്‍ദ്ദത്തിലാണ്. മാതാവിന് സുഖമില്ല. സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരിക്കുകയും പൂട്ടുകളെല്ലാം തകര്‍ത്തിരിക്കുകയുമാണ്. ഇഡിയുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാം നിയമപരവും ശരിയായ രീതിയിലും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് രാഷ്ട്രീയപരമായ ഭീഷണിപ്പെടുത്തലിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. താന്‍ രാജ്യത്ത് നിന്നും ഓടിപ്പോവുകയോ വിദേശത്ത് താമസമാക്കുകയോ ചെയ്യില്ലെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ കൂടിയായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന കുറ്റം ചുമത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്. അതേസമയം, വിദേശ രാജ്യങ്ങളിലെ വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണ ഏജന്‍സ് വ്യക്തമാക്കി.

Exit mobile version