ബ്രിട്ടണില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 360 പേര്‍ എവിടെ; ആശങ്കയില്‍ ആരോഗ്യ വകുപ്പ്

ചെന്നൈ: ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം തിരിച്ചറിഞ്ഞതിന് ശേഷം ബ്രിട്ടനില്‍നിന്നു തമിഴ്‌നാട്ടില്‍ എത്തിയ 360 പേരെ കണ്ടെത്താന്‍ കഴിയാതെ തമിഴ്‌നാട് ആരോഗ്യ വകുപ്പ്. ചെന്നൈ, ചെങ്കല്‍പേട്ട് ജില്ലക്കാരായ 360 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വിമാനത്താവളത്തില്‍ വ്യാജ വിലാസം നല്‍കിയതാവാം കണ്ടെത്താന്‍ കഴിയാത്തതിന് കാരണം എന്നാണു നിഗമനം. ഇവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘത്തെ നിയമിച്ചു. കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് വ്യാപന തോത് കൂടുതലായതിനാല്‍ ബ്രിട്ടണില്‍ നിന്ന് എത്തിയവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.

കണ്ടെത്താന്‍ കഴിയാത്ത ആര്‍ക്ക് എങ്കിലും കൊവിഡ് വകഭേദം ബാധിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം നവംബര്‍ 25നും ഡിസംബര്‍ 23നും ഇടയില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 2,300 പേരില്‍ 1,936 പേരെ കണ്ടെത്തി പരിശോധിച്ചതില്‍ 24 പേര്‍ പോസിറ്റീവായി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 1,853 പേര്‍ നെഗറ്റീവ്. 59 പേരുടെ ഫലം വരാനുണ്ട്.

പുതിയ വകഭേദമാണോ ബാധിച്ചതെന്നറിയാന്‍ സ്രവസാംപിളുകള്‍ പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ ചെന്നൈ സ്വദേശിയായ ഒരാളില്‍ മാത്രമാണു ബ്രിട്ടന്‍ വകഭേദം കണ്ടെത്തിയത്. ഇയാള്‍ ഗിണ്ടി കിങ്‌സ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലാണ്.

Exit mobile version