കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, വൈദ്യുത നിയന്ത്രണ ബിൽ പിൻവലിക്കാമെന്ന് കേന്ദ്രം; കർഷകരുമായി നടത്തിയ ചർച്ച പരാജയം; തിങ്കളാഴ്ചവീണ്ടും ചർച്ച

Farmers discussion | Indi aNews

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളും കേന്ദ്ര സർക്കാരും നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയം. നിയമങ്ങൾ പിൻവലിക്കില്ലെന്ന ഉറച്ചനിലപാട് കേന്ദ്രം ആവർത്തിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കും, വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഇളവ് നൽകാം തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും ഇരുകൂട്ടരും സമവായത്തിലെത്തിയില്ല.

സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ചർച്ചയിൽ കർഷകർ ആവശ്യം ഉന്നയിച്ചു. അതേസമയം കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിക്കാൻ ഒരു സമിതിയെ രൂപീകരിക്കാമെന്ന് സർക്കാർ അറിയിച്ചു.

വിജ്ഞാൻഭവനിലെ ചർച്ചയ്ക്കിടെ കേന്ദ്രസർക്കാർ പ്രതിനിധികളും കർഷകർക്കൊപ്പം ഉച്ചഭക്ഷണം പങ്കിടുകയും ചെയ്തു. ചർച്ചയ്ക്ക് വരുമ്പോൾ കർഷകർ കൊണ്ടുവന്ന ഭക്ഷണമാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലും പങ്കിട്ടത്. കഴിഞ്ഞ അഞ്ച് തവണ ചർച്ചയ്‌ക്കെത്തിയിരുന്നപ്പോഴും കേന്ദ്രത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ സ്വന്തമായി തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണമായിരുന്നു കർഷകർ കഴിച്ചിരുന്നത്.

അതേസമയം, സർക്കാർ മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ പഠിച്ച ശേഷം ജനുവരി 4 ന് വീണ്ടും ചർച്ചക്കെത്താം എന്നാണ് കർഷക സംഘടനകളുടെ നിലപാട്. നിലപാട് മാറ്റില്ലെന്ന് കേന്ദ്രസർക്കാർ കടുംപിടുത്തം തുടർന്നാൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്നാണ് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

41 കർഷക സംഘടനകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഡിസംബർ 8ന് ശേഷം മുടങ്ങിയ ചർച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തിയിരുന്നു

Exit mobile version