ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം! തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയില്‍ പ്രതികരണവുമായി നരേന്ദ്ര മോഡി

തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കാനും മോഡി മറന്നില്ല.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോഡി ജയവും തോല്‍വിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നും ട്വീറ്റിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കാനും മോഡി മറന്നില്ല.

‘ഞങ്ങള്‍ക്ക് ഭരിക്കാന്‍ അവസരം നല്‍കിയ ചത്തീസ്ഗഢിലേയും, മധ്യപ്രദേശിലേയും, രാജസ്ഥാനിലേയും ജനങ്ങള്‍ക്ക് നന്ദി’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നന്മയ്ക്കായി ബിജെപി അഹോരാത്രം ജോലി ചെയ്തതായും മോഡി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ അവരുടെ വിജയത്തില്‍ അഭിനന്ദിക്കുന്നു. ഒപ്പം തെലങ്കാനയില്‍ വന്‍ വിജയം നേടിയ ചന്ദ്രശേഖര റാവുവിനേയും മിസോറാമില്‍ ഹൃദ്യമായ വിജയം നേടിയ എംഎന്‍എഫിനേയും അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പില്‍ രാപകലില്ലാതെ ബിജെപിക്കായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സല്യൂട്ട് നല്‍കുന്നു. വിജയവും തോല്‍വിയും ജീവതിത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ഫലം ജനങ്ങളെ കൂടുതല്‍ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്നം നടത്തുന്നതിനും ഞങ്ങളെ ദൃഢരാക്കിമാറ്റുമെന്നും മോഡി പറഞ്ഞു.

Exit mobile version