കര്‍ഷക സമരം കൂടുതല്‍ ശക്തമാവുന്നു; ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും പുറപ്പെട്ടു

farmers protest | big news live

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്സര്‍, തണ്‍ തരണ്‍, ഗുരുദാസ്പുര്‍, ഭട്ടിന്‍ഡ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം ട്രാക്ടറുകളില്‍ ഡല്‍ഹിലേക്ക് പുറപ്പെട്ടത്.


അതേസമയം സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കായിരിക്കും ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്ന് തന്നെയാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30ന് കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു.


ഇന്ന് പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് നടക്കുന്ന സമയത്ത് പാത്രംകൊട്ടിയും കൈകൊട്ടിയും പ്രതിഷേധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേസമയം കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. ദേശീയ പാതകളില്‍ ടോള്‍ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

Exit mobile version