കഠിനാധ്വാനത്തിലൂടെ 26ാം വയസിൽ ജുഡീഷ്യൽ സർവീസിലേക്ക്; പാൽക്കാരന്റെ മകൾ സോനാൽ ഇനി ജഡ്ജി; മാതൃക ഈ യുവതി

ഉദയ്പുർ: പഠനത്തിൽ മിടുക്കിയായിരുന്നിട്ടും സാമ്പത്തിക പരാധീനതകൾ പലപ്പോഴും തളർത്തിയിട്ടും പിന്മാറാതെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് നീതിപീഠത്തിലേക്ക് ഉദിച്ചുയർന്നിരിക്കുകയാണ് സോനാൽ ശർമ്മ എന്ന ഈ 26കാരി. കഠിനാധ്വാനവും പിന്മാറാതെ പോരാടാനുള്ള മനസും ഉണ്ടെങ്കിൽ നമ്മുടെ കഴിവുകൾ തേച്ച്മിനുക്കി ഉയരങ്ങളിലേക്ക് എത്താമെന്ന് സോനാൽ തന്റെ ജീവിതംകൊണ്ട് തെളിയിക്കുകയാണ്. രാജസ്ഥാൻ ജുഡീഷ്യൽ സർവീസിൽ ജഡ്ജിയാവാൻ ഒരുങ്ങുകയാണ് സോനാൽ. കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ ഏതു സ്വപ്‌നവും സാക്ഷാത്കരിക്കാമെന്നു തെളിയിച്ച ഉദയ്പൂർ സ്വദേശിയായ സോനാലിന്റെ പിതാവ് ക്ഷീരകർഷകനാണ്.

രാജസ്ഥാൻ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് സ്വന്തമാക്കിയാണ് സോനാൽ ഇന്ത്യൻ ജുഡീഷ്യറിയുടെ ഭാഗമാകുന്നത്. മുമ്പ് ബിഎ, എൽഎൽബി, എൽഎൽഎം പരീക്ഷകളിൽ ഉന്നജത വിജയവും സ്വർണ മെഡലുകൾ ഉൾപ്പെടെയുള്ളവയും സോനാൽ കരസ്ഥമാക്കിയിരുന്നു. ഒരുവർഷത്തെ പരിശീലനത്തിനു ശേഷം രാജസ്ഥാൻ സെഷൻസ് കോർട്ടിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയാണ് നിയമനം ലഭിക്കുക. പാൽവിൽപനക്കാരനായ അച്ഛന് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ഈ വിജയമെന്ന് സോനാൽ പറയുന്നു. 2018ലാണ് സോനാൽ ജുഡീഷ്യൽ പരീക്ഷ പാസായത്.

2019ൽ ആർജെഎസ് പരീക്ഷയുടെ ഫലം പുറത്തുവന്നിരുന്നെങ്കിലും സോനാൽ വെയ്റ്റിങ് ലിസ്റ്റിലായിരുന്നു. ഉദ്യോഗാർത്ഥികളിൽ ചിലർ ജോലിയിൽ പ്രവേശിക്കാതിരുന്നതോടെ സംസ്ഥാന സർക്കാർ വെയ്റ്റിങ് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഏഴ് ഉദ്യോഗാർഥികൾ ഇതുവരെയും ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ സൊനാൽ തന്നെ സെപ്തംബറിൽ രാജസ്ഥാൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിവിൽ പ്രവേശിക്കാൻ ഹൈക്കോടതിയിൽ നിന്ന് നിർദേശം ലഭിച്ചത്.

പരിശീലനമോ പ്രത്യേക ട്യൂഷനുകളോ ഒന്നുമില്ലാതെയാണ് സോനാൽ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. വിലപിടിപ്പുള്ള പുസ്തകങ്ങൾ വാങ്ങാനുള്ള പണം ഇല്ലാത്തതുമൂലം നേരത്തേ കോളേജിലെത്തി ലൈബ്രറിയിലിരുന്നാണ് വായിച്ച് പഠിച്ചാണ് നേട്ടങ്ങളെല്ലാം കൊയ്തത്.

ഉദയ്പുരിലെ ക്ഷീരകർഷകനായ ഖ്യാലി ലാൽ ശർമ്മയുടെ നാലുമക്കളിൽ രണ്ടാമത്തെ ആളാണ് സൊനാൽ. ചിട്ടയായ പഠനം മാത്രമല്ല, അച്ഛനോടൊപ്പം പശുപരിപാലനവും സോനാലിന്റെ പ്രത്യേകതയാണ്. പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുന്ന സോനാൽ അച്ഛനൊപ്പം പശുക്കളെ കറക്കാനും തൊഴുത്ത് വൃത്തിയാക്കാനും പാൽ വിതരണം ചെയ്യാനുമൊക്കെ സജീവമായുണ്ടാവും. തൊഴുത്തിനു വശത്തായി എണ്ണപാത്രങ്ങൾ കമിഴ്ത്തി വച്ചാണ് പഠനമേശയാക്കിയത്.

പണ്ടൊക്കെ സ്‌കൂളിൽ പോകുമ്പോൾ ചാണകം മണക്കുന്ന ചെരുപ്പുകളോർത്ത് ലജ്ജ തോന്നിയിരുന്നെന്നും എന്നാൽ ഇന്ന് ഒരു ക്ഷീരകർഷകന്റെ മകൾ ആണെന്നതിൽ അഭിമാനിക്കുന്നുവെന്നും സോനാൽ പറയുന്നു.

Exit mobile version