ചിത്രം വ്യക്തമാകാതെ മധ്യപ്രദേശ്! വോട്ടെണ്ണല്‍ രാത്രി 10 മണിവരെ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപിയുടെ പതിനഞ്ച് വര്‍ഷത്തെ ആധിപത്യം തകര്‍ത്ത് കോണ്‍ഗ്രസ് വിജയം കൊയ്യുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.വോട്ടു എണ്ണിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ ലീഡ് നില വീണ്ടും മാറിമറയുകയാണ്. അതേസമയം മധ്യപ്രദേശിലെ വോട്ടെണ്ണല്‍ രാത്രി പത്ത് മണിവരെ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമാക്കി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മധ്യപ്രദേശിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍ തുടങ്ങി അത്യന്തം നാടകീയവും ഉത്കണ്ഠയും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ഒരോ മണിക്കൂറും കടന്നുപോയത്. വൈകീട്ട് മൂന്നുമണി പിന്നിടുമ്പോഴും മുന്നിലും പിന്നിലുമായി കോണ്‍ഗ്രസും ബിജെപിയും തുടര്‍ന്നു. ഒടുവില്‍ ബിജെപിയെ കടത്തിവെട്ടി കേവല ഭൂരിപക്ഷത്തിലേക്ക് മൂന്നരമണിയോടെ കോണ്‍ഗ്രസ് മുന്നേറിയതോടെ ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനം ഇളകിമറിഞ്ഞു. എന്നാല്‍ വീണ്ടും ലീഡ് നില മാറി മറയുകയാണ്.

നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പല്‍, ബുന്ദേല്‍കണ്ഡ്, മാള്‍വ മേഖലകളിലെല്ലാം കോണ്‍ഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം കര്‍ഷകരെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചുവെന്നാണ് സൂചന. കാര്‍ഷിക മേഖലയായ മാള്‍വ ബെല്‍റ്റിലെ 66 സീറ്റില്‍ ബിജെപി സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് പിടിച്ചിട്ടുണ്ട്. ആദിവാസി ദളിത് വിഭാഗങ്ങളുടെ പിന്തുണയം കോണ്‍ഗ്രസിന് കിട്ടിയിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്. എല്ലാകാലത്തും ബിജെപിക്കൊപ്പം നിന്ന മുന്നോക്ക സമുദായ വോട്ടുകളും ഇത്തവണ പിളര്‍ന്നുവെന്നാണ് കണക്കുകൂട്ടല്‍.

Exit mobile version