ഇനി സര്‍ക്കാര്‍ ചടങ്ങുകള്‍ ആരംഭിക്കുക പെണ്‍കുട്ടികളെ ആദരിച്ചു കൊണ്ട്; പുതിയ ഉത്തരവുമായി ബിജെപി സര്‍ക്കാര്‍

ഭോപ്പാല്‍: പെണ്‍കുട്ടികളെ ആദരിച്ചു കൊണ്ടാവും ഇനി സര്‍ക്കാര്‍ ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു.

ഉത്തരവ് കൃത്യമായി തന്നെ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ചെറിയ പെണ്‍കുട്ടികളെ ആദരിച്ചു കൊണ്ടാവും എല്ലാ സര്‍ക്കാര്‍ ചടങ്ങുകളും ആരംഭിക്കുക എന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്.

സംസ്ഥാനത്തെ ചെറിയ പെണ്‍മക്കള്‍ ചൗഹാനെ ആദരവോടെ ‘മാമ’എന്നാണ് വിളിക്കുന്നത്. സ്ത്രീകള്‍ സഹോദരന്‍ എന്നും. ഈ വിളികള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലാഡ്‌ലി ലക്ഷ്മി’ അടക്കം പെണ്‍കുട്ടികള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ ശിവരാജ് സിംഗ് സര്‍ക്കാര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കുട്ടിയുടെ പേരില്‍ 1.18ലക്ഷം രൂപ നിക്ഷേപിക്കുന്നതാണ് ലാഡ്‌ലി ലക്ഷ്മി പദ്ധതി. പിന്നീട് പലഘട്ടങ്ങളിലായി ഈ തുക കുട്ടിയുടെ കുടുംബത്തിന് കൈമാറും.

Exit mobile version