മകന്റെ ചികിത്സയ്ക്ക് വേണ്ടി സ്വത്ത് വിറ്റ് കരുതിയ പണം കുരങ്ങ് തട്ടിപ്പറിച്ചു; പഴങ്ങള്‍ നല്‍കിയിട്ടും സര്‍വ്വ നോട്ടുകളും കീറിപ്പറിച്ചു! നുറുങ്ങിയ നോട്ടുകളുമായി നിറകണ്ണുകളോടെ വൃദ്ധനും

Monkey 'steals' | Bignewslive

ലഖ്നൗ: മകന്റെ ചികിത്സയ്ക്കായി സ്വത്ത് വിറ്റ് കരുതിയ തുക കുരങ്ങ് തട്ടിപ്പറിച്ചു. 500 രൂപ നോട്ടുകളുടെ ഒരു കെട്ടാണ് കുരങ്ങ് തട്ടിയെടുത്ത് കൊണ്ടുപോയത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവമുണ്ടായത്. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പണം തിരികെ ലഭിച്ചെങ്കിലും 7000 രൂപയുടെ നോട്ടുകള്‍ കീറിപ്പറിച്ച നിലയിലായിരുന്നു.

ഖൈരാബാദ് സ്വദേശിയായ ഭഗ്വന്ദീറിന്റെ പണമാണ് കുരങ്ങന്‍ അപഹരിച്ചത്. മകന്റെ ചികിത്സക്കുവേണ്ടി നാല് ലക്ഷം രൂപയ്ക്കാണ് ഭഗ്വന്ദീന്‍ സ്വന്തം വസ്തു വിറ്റ് സമാഹരിച്ചത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകുന്ന വഴി മരച്ചുവട്ടിലിരുന്ന് എണ്ണിനോക്കുമ്പോഴാണ് കുരങ്ങന്‍ പണം തട്ടിപ്പറിച്ച് കൊണ്ട് പോയത്.

മരത്തിനു മുകളില്‍ കയറിയ കുരങ്ങ് നോട്ടുകള്‍ താഴേക്ക് എറിഞ്ഞതോടെ ആളുകള്‍ ഓടികൂടുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ പണം പെറുക്കിയെടുത്ത് ഭഗ്വന്ദീറിന് നല്‍കുകയും ചെയ്തു. മുഴുവന്‍ പണവും തിരികെ ലഭിക്കാനായി നാട്ടുകാര്‍ കുരങ്ങന് പഴങ്ങളും മറ്റും നല്‍കി. എന്നാല്‍ എല്ലാം വിഫലമായി. കുറെയേറെ നോട്ടുകള്‍ വലിച്ചുകീറുകയുമായിരുന്നു.

Exit mobile version