പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍; കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് തടഞ്ഞ് ഡല്‍ഹി പോലീസ്

priyanka gandhi | big news live

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.


പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ആരംഭിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പോലീസ് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റിയത്.

‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. അവര്‍ കര്‍ഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാണ് അവര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത്’ എന്നാണ് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്.


രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പതിനൊന്ന് മണിയോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്‍ ഉള്‍പ്പടെയുളള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. എഐസിസി ഓഫീസില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അക്ബര്‍ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് നിരത്തി പോലീസ് തടയുകയായിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

Exit mobile version