ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം; ജൻ രസോയി ജനകീയ പദ്ധതിയുമായി ഗൗതം ഗംഭീർ; ജാതി, മത, സാമ്പത്തിക പരിഗണനകൾ ഇല്ലാതെ ഭക്ഷണം ലക്ഷ്യമെന്ന് എംപി

Gautam Gambhir | India News

ന്യൂഡൽഹി: ജനങ്ങളുടെ പട്ടിണി മാറ്റാനായി ജനകീയ അടുക്കള പദ്ധതിയുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഒരു രൂപയ്ക്ക് ഉച്ച ഭക്ഷണം നൽകാനുള്ള പദ്ധതി സ്വന്തം പാർലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡൽഹിയിലാണ് നടപ്പാക്കുക. ഭക്ഷണം നൽകുന്നതിനായി ജനകീയ അടുക്കള (ജൻ രസോയി) തുടങ്ങുമെന്ന് ഗംഭീർ തന്നെയാണ് അറിയിച്ചത്. വീടില്ലാത്തവർക്കും പാവപ്പെട്ടവർക്കും ദിവസം രണ്ടു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നത് ദുഃഖകരമാണെന്നും ഈ സ്ഥിതി മാറണമെന്നും ഗംഭീർ പറഞ്ഞു.

ആദ്യത്തെ ജൻ രസോയി കാന്റീനിന്റെ ഉദ്ഘാടനം നാളെ ഗാന്ധി നഗറിൽ നടക്കും. ഈസ്റ്റ് ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും ഓരോ കാന്റീൻ തുടങ്ങാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും എല്ലാവർക്കും ആരോഗ്യകരവും ശുചിയായതുമായ ഭക്ഷണത്തിന് അവകാശമുണ്ടെന്നും ഗംഭീർ പറഞ്ഞു. ജാതി, മത, സാമ്പത്തിക പരിഗണനകൾ ഇല്ലാതെ എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കണം.

റിപ്പബ്ലിക് ദിനത്തിലായിരിക്കും അശോക് നഗറിലെ കാന്റീൻ ഉദ്ഘാടനം. ഗാന്ധി നഗറിലെ കാന്റീൻ അത്യാധുനിക നിലവാരത്തിൽ ഉള്ളതായിരിക്കും. ഒരേ സമയം നൂറു പേർക്കാണ് ഇവിടെ ഭക്ഷണം കഴിക്കാനാവുക. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇപ്പോൾ 50 പേരെയാണ് പ്രവേശിപ്പിക്കുക. ചോറ്, പരിപ്പു കറി, പച്ചക്കറി എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്നും ഗംഭീറിന്റെ ഓഫീസ് അറിയിച്ചു.

ഗൗതം ഗംഭീർ ഫൗണ്ടേഷനിൽ നിന്നും ഗംഭീറിൽ നിന്നുള്ള വ്യക്തിപരമായ സഹായങ്ങൾ കൊണ്ടുമാണ് കാന്റീൻ പ്രവർത്തിപ്പിക്കുക. സർക്കാർ സഹായം ഇല്ലെന്നും എംപിയുടെ ഓഫീസ് അറിയിച്ചു.

Exit mobile version