കൊവിഡിന്റെ വകഭേദം: മഹാരാഷ്ട്രയില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. യുകെയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

രാത്രി 11 മുതല്‍ പുലര്‍ച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. യൂറോപ്പ്, പശ്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വരുന്ന യാത്രികര്‍ക്ക് ചൊവ്വാഴ്ച മുതല്‍ നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ബ്രിട്ടണില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക്.

വിലക്ക് നിലവില്‍ വരുന്ന ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ യുകെയില്‍ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാക്കി.

Exit mobile version