നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപണം; ക്രിസ്ത്യന്‍ മിഷനറി സംഘത്തെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

uttar pradesh police | big news live

ലക്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറി സംഘത്തെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. ദക്ഷിണ കൊറിയന്‍ പൗരന്‍ അടക്കം നാല് പേരെയാണ് ഗൗതം ബുദ്ധ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ പുതിയ നിയമപ്രകാരം അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാസാക്കിയ വിവാദ മത പരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ക്രിസ്ത്യന്‍ മിഷനറിമാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സ്വദേശി ആന്‍മോള്‍ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തെ ആണ് യുപി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സീമ, സന്ധ്യ, ഉമേഷ് കുമാര്‍ എന്നിവരാണ് ആന്‍മോളിന് പുറമെ അറസ്റ്റിലായവര്‍. ഇവര്‍ പ്രയാഗ് രാജ് സ്വദേശികളാണ്.

സൂരജ്പൂരില്‍ നിന്ന് അനിത ശര്‍മ്മ എന്ന സ്ത്രീയാണ് മിഷനറി സംഘം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചവെന്ന് പറഞ്ഞ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് യുപി പോലീസ് അറിയിച്ചത്. മിഷനറി പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കളും പണവും നല്‍കിയാണ് മത പരിവര്‍ത്തനം നടത്തുന്നതെന്നും പോലീസ് ആരോപിച്ചു. വിവാദ മത പരിവര്‍ത്തന നിരോധന നിയമം 2020 ലെ സെക്ഷന്‍ 295 പ്രകാരമാണ് കേസ്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version