ഗൂഗിൾ പേ അയയ്ക്കുമോ ഇത്രവേഗത്തിൽ പണം! കൈക്കൂലി കൈകൊണ്ട് തൊട്ടില്ല; നേരിട്ട് പോക്കറ്റിലേക്ക് വാങ്ങി പോലീസ് ഉദ്യോഗസ്ഥ; വൈറലായി വീഡിയോ

Mumbai Police | India News

മുംബൈ: ഇന്ത്യയിലെ അഴിമതി നിരക്കിന്റെ ഗ്രാഫ് മുകളിലോട്ടാണ് എന്നത് ലോകപ്രശസ്തമായ സത്യമാണ്. അതുകൊണ്ടുതന്നെ കൈക്കൂലി എന്ന് കേട്ടാലോ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവർ കൈക്കൂലി ചോദിച്ചാലോ ഇന്ത്യയിലെ ജനങ്ങൾ ഞെട്ടാറില്ല. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു കൈക്കൂലി വാങ്ങൽ വീഡിയോ ഏവരേയും അമ്പരപ്പിക്കുകയാണ്.

പോലീസ് ഉദ്യോഗസ്ഥയാണ് ഒരു സ്ത്രീയിൽ നിന്നും കൈക്കൂലി വാങ്ങിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. സ്ത്രീയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥ ആ പണം കൈകൊണ്ട് തൊടുന്നില്ല എന്നതാണ് തമാശ. കയ്യിൽ പണമെടുത്തതിന് ശേഷം വനിതാ പോലീസിന്റെ പോക്കറ്റിൽ വയ്ക്കുകയാണ് ഒരു സ്ത്രീ. ഇതിന് ശേഷം പോലീസ് തലയാട്ടുന്നതോടെ പണക്കൈമാറ്റം ലളിതമായി തീർത്തു. സമീപത്ത് നിൽക്കുന്ന പോലീസിനെയും ക്യാമറയിൽ വ്യക്തമായി കാണുന്നുണ്ട്. മുപ്പത് സെക്കന്റോളമുള്ള ഈ വീഡിയോ ഗൂഗിൾ പേയല്ല, ഫോൺ പേയല്ല, നേരിട്ട് പോക്കറ്റിലേയ്ക്ക് പേ എന്ന കുറിപ്പോടെയാണ് പ്രചരിക്കുന്നത്.

രാജ്യത്തിന് തന്നെ നാണക്കേടായ ഈ അഴിമതി ദൃശ്യങ്ങൾ മുംബൈയിലെ സായി ചൗക്കിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വീഡിയോയിലൂടെ പോലീസിന്റെ അഴിമതികളെ കുറിച്ചറിയാൻ സാധിച്ചെന്ന് സ്ഥലത്തെ ഡിസിപി പ്രതികരിച്ചു. ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതെന്ന വിമർശനങ്ങളുണ്ട്. ഫെബ്രുവരിയിൽ കൈക്കൂലി വാങ്ങുന്ന മറ്റൊരു പോലീസിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

Exit mobile version