രാമക്ഷേത്ര നിർമ്മാണത്തിൽ അസന്തുഷ്ടരായവർ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്തുന്നു; ‘റാം മന്ദിർ’ കർഷക സമരത്തിലേക്കും വലിച്ചിഴച്ച് യോഗി ആദിത്യനാഥ്

Yogi | India News

ബറേലി: രാമക്ഷേത്ര നിർമ്മാണം അയോധ്യയിൽ ആരംഭിച്ചതിൽ അസന്തുഷ്ടരായവരാണ് കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്താൻ ശ്രമിക്കുന്നതെന്ന് ആരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾക്ക് എതിരെയാണ് യോഗിയുടെ ആരോപണം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരത്തെ കുറിച്ച് പരാമർശിക്കവെയാണ് യോഗിയുടെ പ്രതികരണം.

‘കമ്മ്യൂണിസത്തിന്റെ സിദ്ധാന്തം ഒരിക്കലും ശരിയല്ല. നിങ്ങൾ ഒരു നുണ നൂറുതവണ പറഞ്ഞാൽ അത് സത്യമാകും. കർഷകരുടെ ജീവിതത്തിൽ ഒരു മാറ്റവും വേണമെന്ന് ആഗ്രഹിക്കാത്തവർ നിരവധിയുണ്ട്.’- സമരം നയിക്കുന്ന കമ്മ്യൂണിസ്റ്റുകാരേയും ആദിത്യനാഥ് കുറ്റപ്പെടുത്തി.

‘ഇന്ത്യ ഏകഭാരതമാകുന്നതിൽ ശ്രേഷ്ഠ ഭാരതമാകുന്നതിലുളള ഒരു വിഭാഗം ആളുകളുടെ അസൂയയാണിത്. ആദ്യം അവർ ആവശ്യപ്പെട്ടത് താങ്ങുവിലയിൽ ഗ്യാരണ്ടി വേണമെന്നാണ്. അതുസംബന്ധിച്ച് ഒരു സംശയത്തിന് തന്നെ ഇടയില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നിട്ടും എന്തിനാണ് ആളുകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്? അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിർമാണം ഉൾക്കൊളളാൻ കഴിയാത്തവർ..അവർ ക്ഷോഭത്തിലാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.’ ആദിത്യനാഥ് പറയുന്നു.

ഇന്ത്യൻ കർഷകരെ സഹായിക്കാൻ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച ആദിത്യനാഥ് കമ്യൂണിസത്തെ വിമർശിക്കാനും മടിച്ചില്ല.

Exit mobile version