കഫീൽ ഖാന് എതിരായ കേസിൽ യോഗി സർക്കാരിന് തിരിച്ചടി; അലഹാബാദ് വിധി ശരിവെച്ച് സുപ്രീംകോടതി

Kafeel Khan | India News

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. ഡോ. കഫീൽ ഖാന് എതിരായി സുപ്രീംകോടതിയിൽ പോയാണ് യോഗി സർക്കാർ നാണംകെട്ടിരിക്കുന്നത്. കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം(എൻഎസ്എ) തടവിൽ വെച്ചതിനെതിരായ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് യുപി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ക്രിമിനൽ കേസുകൾ തീരുമാനിക്കേണ്ടത് അതിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഒരു കരുതൽ തടങ്കൽ മറ്റൊരു കേസിൽ ഉപയോഗപ്പെടുത്താൻ പാടില്ലെന്നും ചൂണ്ടിക്കാണിച്ച് കഫീൽ ഖാനെ മോചിപ്പിക്കാൻ അലഹാബാദ് ഹൈക്കോടതി നിർദേശിച്ച വിധിയെ ശരിവെയ്ക്കുകയായിരുന്നു സുപ്രീം കോടതി.

അലഹാബാദ് ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ട് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. എൻഎസ്എ നിയമപ്രകാരം കഫീൽ ഖാനെ തടവിലാക്കിയ ഉത്തരവ് റദ്ദാക്കുകയും ഉടൻ വിട്ടയക്കാനും അലഹാബാദ് കോടതി സെപ്റ്റംബർ ഒന്നിനാണ് നിർദേശിച്ചത്.

ഇതിന് പിന്നാലെ, അലഹാബാദ് ഹൈക്കോടതിയുടെ ഈ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യുപി സർക്കാർ സുപ്രീം കോടതിയിൽ സ്‌പെഷൽ ലീവ് പെറ്റീഷൻ സമർപ്പിക്കുകയായിരുന്നു.

2020 ജനുവരിയിലാണ് കഫീൽ ഖാനെ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 13ന് അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. തുടർന്ന് കഫീൽ ഖാനു മേൽ എൻഎസ്എ ചുമത്തുകയായിരുന്നു.

Exit mobile version