നീറ്റ് പരീക്ഷ തട്ടിപ്പ് വീണ്ടും; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ച് പെൺകുട്ടിയും ഡോക്ടറായ പിതാവും; പോലീസ് കേസെടുത്തു

Neet | india news

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിന് വേണ്ടി വ്യാജ നീറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാർത്ഥിനിക്കും ഡോക്ടറായ പിതാവിനും എതിരെ കേസ്. തമിഴ്‌നാട് രാമനാഥപുരം പരമകുടി സ്വദേശിനിയായ വിദ്യാർത്ഥിനി എൻബി ദീക്ഷ, അച്ഛൻ എൻകെ ബാലചന്ദ്രൻ എന്നിവർക്കെതിരേ ചെന്നൈ പെരിയമേട് പോലീസാണ് പ്രകാരം കേസെടുത്തത്.

കഴിഞ്ഞ ഏഴിന് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മെഡിക്കൽ പ്രവേശന കൗൺസലിങ്ങിൽ റാങ്ക് പ്രകാരം പെൺകുട്ടി പങ്കെടുത്തിരുന്നു. എന്നാൽ, രേഖകൾ പരിശോധിച്ചപ്പോൾ നീറ്റ് ജയിച്ചതായുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ, നീറ്റ് പരീക്ഷയിൽ ഈ വിദ്യാർത്ഥിനിക്ക് 27 മാർക്ക് മാത്രമാണ് ലഭിച്ചതെന്ന് തെളിയികയായിരുന്നു.

610 മാർക്ക് ലഭിച്ച എൻ ഹൃതിക എന്ന വിദ്യാർത്ഥിനിയുടെ സ്‌കോർ കാർഡിൽ ഫോട്ടോയും മറ്റുവിവരങ്ങളും മാറ്റിച്ചേർത്ത് വ്യാജമായി ജയിച്ചെന്ന് സർട്ടിഫിക്കറ്റുണ്ടാക്കിയതാണെന്നും വ്യക്തമായി. തട്ടിപ്പ് കണ്ടെത്തിയതോടെ വിദ്യാർത്ഥിനിക്കും പിതാവിനുമെതിരേ നടപടിയാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഡോ. ജി സെൽവരാജൻ പെരിയമേട് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പുനടത്തിയതിന്റെ തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കേസിൽ ഇരുവർക്കും സമൻസയച്ച് വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു.

മാർക്ക് ലിസ്റ്റ് ലഭിക്കാൻ രജിസ്റ്റർ നമ്പർ, രഹസ്യ പാസ്‌വേഡ് എന്നിവ നൽകിയാണ് എൻടിഎ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടത്. ഇതിന് മറ്റൊരു വിദ്യാർത്ഥിയുടെ സഹായം ആവശ്യമാണ്. ഇതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിൽ മറ്റാർക്കൊക്കെ പങ്കുണ്ട് എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞവർഷം തേനി മെഡിക്കൽ കോളേജിൽ പഠിച്ച ഉദിത് സൂര്യ എന്ന വിദ്യാർത്ഥി ആൾമാറാട്ടം നടത്തി മെഡിക്കൽ പ്രവേശനം നടത്തിയത് വൻവിവാദമായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട് സിബിസിഐഡി നടത്തിയ അന്വേഷണത്തിൽ 14 പേർ അറസ്റ്റിലായിരുന്നു.

Exit mobile version