കോവിഡ് കാലത്ത് നഴ്‌സിന്റെ കുപ്പായമണിഞ്ഞ് സേവനത്തിന് ഇറങ്ങി; നടി ശിഖയെ ആക്രമിച്ച് കോവിഡും പക്ഷാഘാതവും

shikha malhotra | India news

മുംബൈ: കോവിഡ് മഹാമാരി രാജ്യത്തെ വേട്ടയാടുന്നതിനിടെ അഭിനേത്രിയെന്ന പട്ടം ഉപേക്ഷിച്ച് നഴ്‌സിന്റെ വേഷമണിഞ്ഞ് സേവനത്തിന് ഇറങ്ങിയ നടി ശിഖ മൽഹോത്രയ്ക്ക് പക്ഷാഘാതമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ കൊവിഡ് പടർന്ന് പിടിക്കുന്നതിനിടെയാണ് നടി സേവനത്തിന് ഇറങ്ങിയത്.

ആരോഗ്യപ്രവർത്തകയായി ജോലി ചെയ്യുന്നതിനിടെ ശിഖയ്ക്ക് കോവിഡും ബാധിക്കുകയായിരുന്നു. പിന്നീട് ഒരുമാസത്തിന് ശേഷം കൊവിഡ് മുക്തയായെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോൾ.

മുംബൈയിലെ കൂപ്പർ ആശുപത്രിയിലാണ് താരം ചികിത്സ തേടിയിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി വർധമാൻ മഹാവീർ മെഡിക്കൽ കോളേജിൽ നിന്ന് നഴ്‌സിങ് ബിരുദം നേടിയ ശിഖ മൽഹോത്ര പിന്നീട് അഭിനയരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ വിഷമം പിടിച്ച കാലത്ത് തന്റെ സഹജീവികളെ സേവിക്കാനായി താരം സ്വയം സന്നദ്ധയാവുകയും ചെയ്തു.

കോവിഡ് ബാധിച്ചെന്ന വിവരം ശിഖ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്. കോവിഡ് പിടിപ്പെട്ടതിൽ തനിക്ക് വിഷമമില്ലെന്നും ഉടൻ രോഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പക്ഷാഘാതം വന്നത്.

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇൻ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തത് ശിഖ മൽഹോത്രയാണ്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്‌സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും താരം വേഷമിട്ടു. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്‌സായി ജോലി ചെയ്തിട്ടുമുണ്ട്.

Exit mobile version