തെരഞ്ഞെടുപ്പ് റാലി നടത്തിയത് ദാൽ തടാകത്തിൽ; ശിക്കാര മറിഞ്ഞ് ബിജെപി പ്രവർത്തകരും നേതാക്കളും വെള്ളത്തിൽ! രക്ഷകരായി നാട്ടുകാർ; വീഡിയോ

Dal Lake | India news

ശ്രീനഗർ: കാശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ബിജെപി നേതാക്കളും അണികളും വെള്ളത്തിൽ വീണു. ബിജെപി പ്രവർത്തകർ സഞ്ചരിച്ച ശിക്കാര മുങ്ങിയാണ് അപകടമുണ്ടായത്. എന്നാൽ, വെള്ളത്തിൽ വീണ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും തദ്ദേശവാസികളും ജമ്മു കാശ്മീർ പോലീസും ദുരന്ത പ്രതികരണ സേനയും ചേർന്ന് രക്ഷിച്ചു. ജില്ല വികസന കൗൺസിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ബിജെപി ശിക്കാര റാലി സംഘടിപ്പിച്ചത്.

ഇതിനിടെയാണ് നാല് ബിജെപി പ്രവർത്തകരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ശിക്കാര ദാൽ തടാകത്തിലേക്ക് മറിഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം. ജമ്മു കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന ജില്ല വികസന കൗൺസിൽ(ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗൺസിൽ) തെരഞ്ഞെടുപ്പ് പ്രചാരണം കളറാക്കാനായി ബിജെപി പ്രവർത്തകർ ശിക്കാര റാലി സംഘടിപ്പിക്കുകയായിരുന്നു.

ജമ്മു കാശ്മീർ ഡിഡിസി തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനാണ് ബിജെപി ചുമതല നൽകിയിരിക്കുന്നത്. അനുരാഗ് ഠാക്കൂറാണ് ശിക്കാര റാലിക്ക് നേതൃത്വം നൽകിയിരുന്നതും. അനുരാഗിനെ കൂടാതെ പ്രാദേശിക നേതാക്കളായ സോഫി യൂസുഫ്. അൽതാഫ് ഠാക്കൂർ തുടങ്ങിയവരും ശിക്കാര റാലിയിൽ പങ്കെടുത്തിരുന്നു.

ചാർ ചിനാരിക്ക് സമീപം 17ാം ഘട്ടിനു സമീപത്തുവെച്ചാണ് ശിക്കാര മുങ്ങിയത്. തീരത്തിന് അടുക്കാറായപ്പോഴാണ് സംഭവമെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

Exit mobile version