യഥാര്‍ത്ഥ കര്‍ഷകരല്ല സമരമുഖത്തുള്ളത്, കര്‍ഷകരുടെ പേരും പറഞ്ഞ് നേട്ടമുണ്ടാക്കുന്നത് ഇടതുഗ്രൂപ്പുകളും കോണ്‍ഗ്രസും ; പ്രജ്ഞസിങ് ഠാക്കൂര്‍

ഭോപ്പാല്‍: തന്റെ ഭരണം അവസാനിക്കാറാകുന്നതിന്റെ നിരാശയിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ഇപ്പോഴുള്ളതെന്ന് ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞസിങ് ഠാക്കൂര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രജ്ഞസിങ് ഠാക്കൂര്‍ ബംഗാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രജ്ഞസിങ് ഠാക്കൂര്‍ ഇക്കാര്യം പറഞ്ഞത്. ഈ തെരഞ്ഞെടുപ്പോടെ പശ്ചിമബംഗാളില്‍ ഹിന്ദുരാജ് നടപ്പിലാക്കുമെന്നും തന്റെ ഭരണം അവസാനിക്കാറാകുന്നതിന്റെ നിരാശയിലാണ് മമത ഇപ്പോഴുള്ളതെന്നും പ്രജ്ഞസിങ് ഠാക്കൂര്‍ പറഞ്ഞു.

ഇത് പാക്കിസ്ഥാനല്ല ഇന്ത്യ ആണെന്ന് മമത ഇപ്പോള്‍ ശരിക്കുമനസിലാക്കിയെന്നും പ്രജ്ഞസിങ് ആഞ്ഞടിച്ചു. ഇത്തരം വൈദേശിക സംസ്‌കാരത്തെ പിന്തുടരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് മമത നാളിതുവരെ ശ്രമിച്ചിരുന്നതെന്നും പ്രജ്ഞസിങ് കൂട്ടിച്ചേര്‍ത്തു.

യഥാര്‍ഥ കര്‍ഷകരല്ല സമരമുഖത്തുള്ളതെന്നായിരുന്നു ദില്ലി ചലോ മാര്‍ച്ചുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രജ്ഞസിങ് ഠാക്കൂറിന്റെ മറുപടി. കര്‍ഷകരുടെ പേരുപറഞ്ഞ് ഇടതുഗ്രൂപ്പുകളും കോണ്‍ഗ്രസുമാണ് സമരമുഖത്തുള്ളതെന്നും കര്‍ഷകരുടെ പേരുപറഞ്ഞ് അവര്‍ നേട്ടമുണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Exit mobile version