കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബിലെ സൈനീകന്‍

president medal, return, farmer protest | bignewslive

പട്യാല: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ പട്യാലയില്‍ മുന്‍ സൈനികന്‍ വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നു. ഹോംഗാര്‍ഡില്‍ കമാന്‍ഡന്റ് ആയിരുന്ന റായ് സിങ് ധാലിവാലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച പുരസ്‌കാരം തിരിച്ച് എല്‍പ്പിച്ചത്.

ഞാന്‍ ഒരു കര്‍ഷകന്റെ മകനാണ്. അവരുടെ കഠിനാധ്വാനത്തിന് പുരസ്‌കാരം ലഭിക്കുന്നതിനു പകരം അവര്‍ തെരുവില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി സമരംചെയ്യേണ്ട അവസ്ഥയിലാണ്. കര്‍ഷകരോട് കാണിക്കുന്ന ഈ അനീതിയില്‍ ഞാന്‍ ദുഃഖിതനാണ്. രാഷ്ട്രത്തിനു വേണ്ടി ചെയ്ത സേവനങ്ങളുടെ പേരില്‍ ലഭിച്ച പുരസ്‌കാരം അതിനാല്‍, ഞാന്‍ തിരിച്ചു നല്‍കുകയാണ്.- ധാലിവാല്‍ പറഞ്ഞു.കര്‍ഷകര്‍ ലോകത്തിന് ഭക്ഷണം നല്‍കി. പക്ഷേ, അവര്‍ നേരിടേണ്ടി വന്നത് ജലപീരങ്കികളും കണ്ണീര്‍ വാതകവുമാണ്. കര്‍ഷകര്‍ ഇത്തരമൊരു നിയമം ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മൂന്നാം തീയതി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിങ് ബാദലും തനിക്ക് ലഭിച്ച പത്മവിഭൂഷന്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിച്ചിരുന്നു. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വഞ്ചന പൊറുക്കില്ലെന്നും പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.

2015ല്‍ ഒന്നാം മോഡി സര്‍ക്കാറിന്റെ കാലത്താണ് പ്രകാശ് സിങ് ബാദലിന് പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമാണ് പദ്മവിഭൂഷണ്‍. ബാദലിന്റെ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ നേരത്തെ എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്നു. എന്നാല്‍ കാര്‍ഷിക നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അകാലിദള്‍ സഖ്യം വിട്ടിരുന്നു.

കാര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകളും മെഡലുകളും തിരിച്ച് നല്‍കുമെന്ന് പഞ്ചാബില്‍ നിന്നുള്ള മുന്‍ കായിക താരങ്ങളും പരിശീലകരും പറഞ്ഞിരുന്നു. പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിങ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് അറിയിച്ചത്.

Exit mobile version