സർക്കാർ കർഷകരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല; താങ്ങുവില മാറ്റില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകി; ശനിയാഴ്ച അടുത്തഘട്ട ചർച്ച

farmers| Big news live

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ സമവായമായില്ല. കാർഷിക വിളകൾക്ക് നൽകുന്ന താങ്ങുവില സമ്പ്രദായത്തിൽ മാറ്റം ഉണ്ടാവില്ലെന്ന് കർഷകസംഘടനാ നേതാക്കൾക്ക് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ഉറപ്പുനൽകി. എന്നാൽ ഇതുകൊണ്ടുമാത്രം സമവായത്തിന് കർഷകർ തയ്യാറായില്ല. അതേസമയം, കർഷകരുമായുള്ള അടുത്ത ഘട്ട ചർച്ച ഡിസംബർ അഞ്ചിന് നടക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

താങ്ങുവില സംബന്ധിച്ച ആവശ്യം പരിഗണിക്കാമെന്ന സൂചന സർക്കാർ നൽകിയതായി ചർച്ചയ്ക്കു ശേഷം സംഘടനാ നേതാക്കൾ അറിയിച്ചു. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് ഉചിതമാണ്. എന്നാൽ നിയമം പൂർണമായി പിൻവലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യം. ചർച്ചയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് പറഞ്ഞു.

താങ്ങുവില സമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അത് തുടരും. കർഷകരുടെ ചില ആശങ്കകൾ അവർ പങ്കുവെച്ചതായും ചർച്ചയ്ക്കു ശേഷം കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് ഒരു ദുർവാശിയുമില്ല. തുറന്ന മനസ്സോടെയാണ് സർക്കാർ കർഷകരുമായി ചർച്ച നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയ്ക്കും കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾക്കും തുല്യ നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കും, കാർഷികോൽപന്ന വിപണന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുകയും ഉപയോഗം വർധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ചും സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version