മിഗ് വിമാനങ്ങളെ വിട്ടൊഴിയാതെ വിവാദം; പൈലറ്റ് നിഷാന്ത് സിങിന്റെ ജീവൻ അപകടത്തിലാക്കിയതും മിഗ് യുദ്ധവിമാനം

mig air craft| India news

ന്യൂഡൽഹി: ഒരു വർഷത്തിനിടെ തുടർച്ചയായി അപകടങ്ങൾക്ക് കാരണമായി മിഗ് 29കെ യുദ്ധവിമാനങ്ങൾ വീണ്ടും വിവാദങ്ങൾ നേരിടുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്ത് ഏറ്റവും ഒടുവിലായി ഒരു മിഗ് വിമാനം കൂടി അപകടത്തിൽപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് നാവികസേന യുടെ യുദ്ധ വിമാനമായ മിഗ് 29 കെ പരിശീലന വിമാനം അറബിക്കടലിനു മുകളിൽ തകർന്നു വീണത്. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നും പറന്നുയർന്ന മിഗ് 29 കെയാണ് അപകടമുണ്ടാക്കിയത്.

അപകടത്തിൽ നിന്നും ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ പൈലറ്റ് കമാൻഡർ നിഷാന്ത് സിങിനായി തിരച്ചിൽ നാലാം ദിനവും ഊർജിതമായി തുടരുകയാണ്.

അതേസമയം, റഷ്യൻ നിർമ്മിത മിഗ് വിമാനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് അപകടങ്ങളാണ് ഉണ്ടാക്കിയത്. റഷ്യൻ വ്യോമയാന കമ്പനിയായ മിഗാണ് മിഗ് 29കെ പോർവിമാനങ്ങളുടെ നിർമ്മാതാക്കൾ. ഇതുവരെ ഇന്ത്യൻ നാവികസേന 45 മിഗ് വിമാനങ്ങളാണ് റഷ്യയിൽ നിന്നും വാങ്ങിയിട്ടുള്ളത്. ഇതിൽ രണ്ട് ഡസൻ പോർവിമാനങ്ങളാണ് സജീവമായി പറക്കുന്നത്. ബാക്കിയുള്ളവ യുദ്ധത്തിന്റെ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്. 2010ൽ ഏതാണ്ട് 2 ബില്യൺ ഡോളർ നൽകിയാണ് ഇന്ത്യ മിഗ് 29കെ വിമാനങ്ങൾ വാങ്ങിയത്.

2016ലെ സിഎജി റിപ്പോർട്ടിലും മിഗ് വിമാനത്തിനെതിരായ പരാമർശങ്ങളുണ്ട്. മിഗ് വിമാനത്തിന്റെ എയർഫ്രെയിം, എഞ്ചിൻ, ഫ്‌ളൈ ബൈ വയർ സംവിധാനം എന്നിവയ്ക്ക് പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു സിഎജി റിപ്പോർട്ട്. ഇന്ത്യക്ക് ആകെ കൈമാറിയ 65 എഞ്ചിനുകളിൽ 40 എണ്ണം പിന്നീട് ഡിസൈൻ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് പിൻവലിക്കേണ്ടി വന്നുവെന്നും സിഎജി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം, മിഗ് പോർ വിമാനത്തിന്റെ അപകടകാരണത്തെ കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപകടത്തിനു മുൻപ് വരെ മിഗ് 29 കെ പോർ വിമാനത്തിൽ നിന്നും മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് നാവികസേന സൂചന നൽകുന്നു.

Exit mobile version