വിപിഎൻ ഉപയോഗിച്ച് നിരോധിത ആപ്പുകൾ ഇനി ലഭിക്കില്ല; കൂടുതൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം; നിരീക്ഷണം ശക്തം

ന്യൂഡൽഹി: നിരവധി ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ പൂട്ടുവീഴുന്നു. കേന്ദ്രസർക്കാർ പുതുതായി കൂടുതൽ ആപ്ലിക്കേഷനുകൾ നിരോധിച്ചേക്കുമെന്ന് സൂചന. ഇതിനായി ചർച്ചകൾ നടക്കുകയാണ്. ഒറ്റയടിക്ക് ആപ്പുകൾ നിരോധിക്കാതെ ഘട്ടം ഘട്ടമായി ആളുകളുടെ ഉപയോഗത്തിന് അനുസരിച്ചാണ് ആപ്പുകൾ നിരോധിക്കുക.

ആപ്പ് സ്റ്റോറുകളിൽ ആളുകളുടെ ശ്രദ്ധ നേടുകയും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്ന ആപ്പുകളെ തിരഞ്ഞെടുത്ത് നിരോധിക്കുകയാണ് ലക്ഷ്യം. കർശനമായ നിരീക്ഷണം പൂർത്തിയാക്കിയാണ് നിരോധനം ഏർപ്പെടുത്തുക.

നിലവിൽ, നിരോധിച്ച പല ആപ്ലിക്കേഷനുകളും വിപിഎൻ വഴി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകൾക്കെതിരെയും നിരന്തര പരിശോധന നടത്തിവരികയാണ്. കൃത്യമായ ഇടവേളകളിൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഇന്റർമിനിസ്റ്റീരയിൽ പാനലുകൾക്ക് മുമ്പിൽ അവർക്ക് കേസ് നടത്താൻ അവസരം ഒരുക്കുകയുമാണ് സർക്കാർ ചെയ്തുവരുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, സാമൂഹ്യക്രമം എന്നിവയെ ബാധിക്കും വിധത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന ആപ്ലിക്കേഷനുകളെയും ഉള്ളടക്കങ്ങളെയും ബ്ലോക്ക് ചെയ്യാൻ അധികാരം നൽകുന്ന ഐടി ആക്റ്റിലെ 69എ അനുച്ഛേദം അടിസ്ഥാനമാക്കിയാണ് ഈ നടപടികൾ സ്വീകരിച്ചുവരുന്നത്. ഈ നിയമപ്രകാരം മുൻകൂർ അറിയിപ്പുകളില്ലാതെ നടപടിയെടുക്കാനും സർക്കാരിനാകും.

Exit mobile version