ബ്രാഹ്‌മണരോ, ലിംഗായത്തുകളോ ആരുമായിക്കോട്ടെ, ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ഞങ്ങള്‍ ടിക്കറ്റ് നല്‍കും, എന്നാല്‍ ഒരിക്കലും മുസ്ലീമിന് നല്‍കില്ല; വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

ബംഗളൂരു: വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്ത്. ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കുമെന്നും എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും ടിക്കറ്റ് നല്‍കില്ലെന്നായിരുന്നു കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയുടെ പരാമര്‍ശം.

‘ബിജെപി ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയേക്കും. അത് ലിംഗായത്തുകള്‍, കുറുബകള്‍, വൊക്കാലിഗ, അല്ലെങ്കില്‍ ബ്രാഹ്‌മണര്‍ അങ്ങനെ അങ്ങനെ ആരുമാകാന്നാം. എന്നാല്‍ ഒരിക്കലും മുസ്ലിങ്ങള്‍ക്ക് നല്‍കില്ല’, കെഎസ് ഈശ്വരപ്പ പറഞ്ഞു.

വരുന്ന ബെലഗാവി ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ മേഖലയായ ബെലഗാവിയില്‍ ഹിന്ദു സമുദായങ്ങളില്‍പ്പെട്ട ആര്‍ക്കും സീറ്റ് നല്‍കിയേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതാദ്യമായല്ല ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തുന്നത്. മുസ്ലീങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ ഏപ്രിലിലും ഈശ്വരപ്പ പറഞ്ഞിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കഡി മരിച്ചു.

ഇതേ തുടര്‍ന്നാണ് ബെലഗാവി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version