എണ്‍പതുകാരിയായ അമ്മയെ പൂട്ടിയിട്ട് മകന്‍ നാട് വിട്ടു; ഒന്നരമാസത്തോളം മകനെ കാത്തിരുന്ന അമ്മ വിശന്നു മരിച്ചു!

ഏറെ നാളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് അയല്‍വാസി പോലീസില്‍ പരാതി പെട്ടത്.

ഷാജഹാന്‍പുര്‍: എണ്‍പതുകാരിയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ പോയി. ഒന്നരമാസത്തോളം മകനെ കാത്തിരുന്ന അമ്മ വിശന്നു മരിച്ചു. ഏറെ നാളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് അയല്‍വാസി പോലീസില്‍ പരാതി പെട്ടത്. തുടര്‍ന്ന് പോലീസുകാര്‍ വീട് തുറന്ന് പരിശോധിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.

ഷാജഹാന്‍പൂരിലെ റെയില്‍വേ കോളനിയിലെ വീട്ടിലാണ് എണ്‍പതുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ സലീല്‍ ചൗധരിയുടെ അമ്മ ലീലാവതിയാണ് മരിച്ചത്. ഇവരെ മരിച്ച നിലയില്‍ കണ്ടതില്‍ പിന്നെ സലീലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ അവധിയില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് റെയില്‍ ഉദ്യോഗസ്ഥര്‍ വിശദമാക്കി.

ലഖ്‌നൗ സ്വദേശികളായ സലീല്‍ ചൗധരി 2005 മുതല്‍ ഷാജഹാന്‍പൂരിലാണ് ജോലി ചെയ്യുന്നത്. ഒന്നര മാസത്തോളമാണ് പുറത്തുപോയ മകന്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ ഈ അമ്മ കാത്തിരുന്നത്. ആ അമ്മ അന്ന് മകന്‍ എടുത്തു വച്ചിരുന്ന ഭക്ഷണം കഴിച്ചായിരുന്നു കുറച്ച് ദിവസം തള്ളി നീക്കിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഭാര്യ ഉപേക്ഷിച്ച് പോയ സലീല്‍ മദ്യത്തിന് അടിമയായിരുന്നെന്നാണ് സൂചന. ഇതിനു മുന്‍പും ഇയാള്‍ ഇത്തരത്തില്‍ പുറത്ത് പോകാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. പുറത്തുനിന്നു പൂട്ടിയിട്ട വീട്ടില്‍ വിശന്നു വലഞ്ഞോ അതോ രോഗം മൂലമോ ആണ് അമ്മ മരിച്ചിരിക്കുകയെന്ന് പോലീസ് വിശദമാക്കി.

Exit mobile version