കൊവിഡ്; രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി

supreme court | bignews live

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മോശത്തില്‍നിന്ന് കൂടുതല്‍ മോശത്തിലേക്കെന്ന് സുപ്രീംകോടതി. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയം മറന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം ആളുകളും മാസ്‌കുകള്‍ ധരിക്കുന്നില്ല. ചിലരാകട്ടെ താടിയിലാണ് മാസ്‌കുകള്‍ ധരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിനുകള്‍ തയ്യാറാക്കുന്നതു വരെ പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് നിലവില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ എഴുപത് ശതമാനവും കേരളം ഉള്‍പ്പടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. നിലവില്‍ ചികത്സയിലുള്ള വൈറസ് ബാധിതരില്‍14.7 ശതമാനം പേരും കേരളത്തില്‍ നിന്നാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മഹാരാഷ്ട്രയിലാണ് (18.9%). അതേസമയം വൈറസ് വ്യാപനം തടയുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. പുതുതായി 43,082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 492 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,35,715 ആയി ഉയര്‍ന്നു.

Exit mobile version