നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടു, മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത, തമിഴ്‌നാട്ടില്‍ പേമാരിയും വെള്ളപ്പൊക്കവും

ചെന്നൈ: തമിഴ്‌നാടിനെ ഭീതിയിലാഴ്ത്തി നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗമാണ് കര തൊട്ടത്. ഇതിന്റെ കേന്ദ്രഭാഗം പുതുച്ചേരിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ്. മധ്യഭാഗവും കരയോട് അടുത്തുകൊണ്ടിരിക്കുകയാണ് അടുത്ത മണിക്കൂറുകളില്‍ കാറ്റ് പൂര്‍ണമായും കരയിലേക്ക് പ്രവേശിക്കും.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പേമാരിയും കനത്ത കാറ്റും വീശുന്നുണ്ട്. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്.

വെള്ളം ഉയര്‍ന്നതോടെ ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ഒരു ലക്ഷം പേരെ തമിഴ്‌നാട് തീരത്ത് നിന്നും ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തീരപ്രദേശത്തെ ആളുകളെയും നദീതീരത്തുളള ആളുകളെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാര്പ്പിക്കുന്നത്. ആവശ്യമെങ്കില് കൂടുതല് ക്യാമ്പുകള് തുറക്കുമെന്ന് കോര്പറേഷന് അധികൃതര് അറിയിച്ചിട്ടുണ്ട്.

Exit mobile version