നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ മഴ കനക്കുന്നു, വിമാനങ്ങളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി, പുതുച്ചേരിയില്‍ മൂന്നു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു

heavy rain tamilnadu

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി അധികൃതര്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് 06076/06076, 02607/02608 എന്നീ ചെന്നൈ- ബംഗളൂരു ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നാല് തീവണ്ടി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇതിനുപുറമെ അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയില്‍ മൂന്നു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു.

ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതിനോടകം 77 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. തീരദേശവാസികളെയും നദീതീരത്തുളളവരെയുമാണ് ഇവിടേക്ക് ആദ്യം മാറ്റി പാര്‍പ്പിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം തുറന്നു. ഒരു സെക്കന്റില്‍ ആയിരം ഘന അടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. ചെമ്പരമ്പാക്കത്ത് മഴ കൂടുതല്‍ പെയ്യുകയും വെള്ളം ഉയരുകയും ചെയ്താല്‍ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഈ തടകാം തുറന്നുവിടുന്നത്. തടാകത്തിലെ വെള്ളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂര്‍, വല്‍സരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം.

2015 ല്‍ ചെന്നൈ നഗരത്തെ ആകെ വിഴുങ്ങിയ പ്രളയത്തിന് കാരണം ചെമ്പരമ്പാക്കം അടക്കമുള്ള തടാകങ്ങള്‍ കൃത്യം സമയത്ത് തുറക്കാതെ, വെള്ളം തുറന്നുവിടാതിരുന്നതാണ്. തെരഞ്ഞെടുപ്പ് വരുന്ന മെയ് മാസത്തില്‍ പടിവാതിലിലെത്തി നില്‍ക്കേ അന്നത്തെ ഗുരുതരമായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് സര്‍ക്കാര്‍. നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ ഏഴു ജില്ലകളെ കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പുതുച്ചേരിയേയും ആന്ധ്രയിലെ രണ്ടു ജില്ലകളെയും ബാധിക്കും. ഇത് നേരിടുന്നതിനായി 22 എന്‍ഡിആര്‍എഫ് സംഘം, 10 സംഘം സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവര്‍ സന്നദ്ധരായിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം ഹെലികോപ്റ്ററുകളും കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.

Exit mobile version