‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും; 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, അതീവജാഗ്രതയില്‍ തമിഴ്‌നാട്

tamilnadu india

ചെന്നൈ: ‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ ഇന്ന് വൈകീട്ട് കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗമുണ്ടാകമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്ടിലെ കടലൂര്‍ തീരത്തുനിന്നും 220 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ നിവര്‍ ഉള്ളത്.

ചെന്നൈയുടെ സമീപപ്രദേശമായ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാണ് കാറ്റ് കരയില്‍ കടക്കുക. പുതുച്ചേരി അടക്കം ഈ ഭാഗത്തെ 200 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളെയാകും കാറ്റ് കൂടുതലായി ബാധിക്കുക. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നിവര്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, പുതുക്കോട്ട കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ അധികൃതര്‍ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോയുടെ 49 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് തെക്കന്‍ തമിഴ്നാട്ടിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കി. തഞ്ചാവൂര്‍, നാഗപട്ടണം ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്കായി വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, കടലൂര്‍, തിരുവാരൂര്‍, നാഗപട്ടണം, വിഴുപുരം, രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ഇന്നലെ ശക്തമായ മഴയും കാറ്റുമുണ്ടായി. വിഴുപുരം, നാഗപട്ടണം, തിരുവാരൂര്‍, കടലൂര്‍ ജില്ലകളില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റുവീശുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു

ചെന്നൈയില്‍ കാശിമേട്, മറീന, പട്ടിനപ്പാക്കം തുടങ്ങിയ പ്രദേശങ്ങില്‍ കടലേറ്റം ശക്തമായിരുന്നു. രണ്ടുമീറ്റര്‍ ഉയരത്തില്‍വരെ തിരമാലകള്‍ ഉയര്‍ന്നു. കടലോര ജില്ലകളിലെ വെള്ളംകയറാന്‍ സാധ്യതയുള്ള 4,133 പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാരോട് പ്രത്യേക ശ്രദ്ധചെലുത്താന്‍ ആവശ്യപ്പെട്ടുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

Exit mobile version