അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് അന്തരിച്ചു

tharun gogoi

ന്യൂഡല്‍ഹി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു. 86 വയസായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കൊവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന് ശേഷവും ആരോഗ്യ പ്രശ്‌നങ്ങള് മൂര്‍ച്ചിക്കുകയായിരുന്നു.ഗുവാഹത്തി മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുണ്‍ ഗൊഗോയ്. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ഗൊഗോയ് തിതബാര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച് 2001-ല്‍ അസം മുഖ്യമന്ത്രിയായി.

തുടര്‍ന്ന് മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ യുവനേതാവും കലിയബോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ് തരുണ്‍ ഗൊഗോയുടെ മക്കള്‍. ഭാര്യ ഡോളി ഗൊഗോയ്.

Exit mobile version