പരിധിയില്ലാത്ത അന്ധവിശ്വാസങ്ങൾ! കുഞ്ഞുങ്ങളുണ്ടാകാൻ നിലത്ത് കമഴ്ന്ന് കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ കൊടിപിടിച്ച് നടന്ന് പൂജാരിമാർ; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പങ്കെടുത്തത് ആയിരങ്ങൾ

madhai mela

ധാമാത്രി: ഇന്ത്യയിലെ അന്ധവിശ്വാസങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഈ 21ാം നൂറ്റാണ്ടിലും എല്ലാ അന്ധവിശ്വാസങ്ങളും പ്രാവർത്തികമാകുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സ്വന്തം നേട്ടത്തിനായി ഏത് അന്ധവിശ്വാസവും കണ്ണടച്ച് പിന്തുടരുന്ന ജനങ്ങളുടെ ദൃശ്യങ്ങൾ പലപ്പോഴും ചർച്ചയാകാറുമുണ്ട്. ഇത്തരത്തിൽ യുക്തിക്ക് നിരക്കാത്ത ഒരു പ്രവർത്തിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

കുട്ടികളുണ്ടാകാനുള്ള അനുഗ്രഹത്തിനായി നിലത്ത് കമിഴ്ന്ന് കിടക്കുന്ന സ്ത്രീകളും അവരുടെ മുകളിലൂടെ നടന്ന് നീങ്ങുന്ന പൂജാരിമാരുടേയും ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കുട്ടികൾ ഉണ്ടാവുന്നതിന് വേണ്ടിയാണത്രെ ആചാരം അനുഷ്ഠിക്കുന്നത്.

ഇത്തരത്തിൽ കുട്ടികളില്ലാത്ത, വിവാഹിതരായ 200ഓളം സ്ത്രീകളുടെ ശരീരത്തിന് മുകളിലൂടെയാണ് പൂജാരിമാരുടെ സംഘം നടക്കുന്നത്. ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിലാണ് സംഭവം. പൂജാരിമാർ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗർഭിണിയാകുമെന്നുമാണ് ഇവരുടെ വിശ്വാസം.

ദീപാവലിക്ക് പിന്നാലെ നടക്കുന്ന മാതായ് മേളയിലാണ് ഈ ആചാരമുള്ളത്. അഞ്ഞൂറിലേറെ വർഷങ്ങൾ പഴക്കമുള്ളതാണ് ഈ മാതായ് മേളയെന്നാണ് റിപ്പോർട്ട്. ആദിശക്തി മാ അങ്കാരമൂർത്തി ട്രസ്റ്റാണ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ദീപാവലിക്ക് ശേഷം വരുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഈ ചടങ്ങ് നടക്കുക.

ആയിരക്കണക്കിന് പേരാണ് ഈ ചടങ്ങുകളുടെ ഭാഗമാകാൻ എത്തിയതും. ഈ ആചാരങ്ങളിൽ ഭാഗമാകുന്നതിൽ ഭൂരിഭാഗം പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാതെ നടത്തിയ ചടങ്ങും ഇവർക്ക് സുരക്ഷയൊരുക്കിയ പോലീസും വിമർശനത്തിന് വിധേയരാവുകയാണ്.

Exit mobile version