രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 45209 പുതിയ രോഗികള്‍, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

covid 19 india

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45209 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 90,95,807 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 501 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,33,227 ആയി.

അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് രാജ്യത്ത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. വൈറസ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.

രാജസ്ഥാനില്‍ എട്ട് ജില്ലകളില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. ജയ്പൂര്‍, കോട്ട, ഉദയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലും രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200 ല്‍ നിന്ന് 500 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തില്‍ രാജ് കോട്ട്, വഡോദര, സൂറത്ത് മേഖലകളിലും മധ്യദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയാര്‍ ഉള്‍പ്പടെ ഉള്ള മേഖലകളിലും രാത്രി കാല കര്‍ഫ്യൂ കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

Exit mobile version