മതമൗലികവാദികൾ കലി തുള്ളിയിട്ടും പ്രതിസന്ധികളെ തഴഞ്ഞ് ഒന്നിച്ച ഈ ഐഎസ് ദമ്പതികൾ പിരിയുന്നു; സിവിൽസർവീസിൽ ഒന്നും രണ്ടും റാങ്ക് നേടിയ ടിനയും അഥർഖാനും കോടതിയിൽ

ias couple

ജയ്പുർ: സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ വിവാഹം ചെയ്യുന്നുവെന്ന വാർത്ത 2015ൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാലാണ് മതമൗലികവാദികൾ വിവാഹത്തിനെതിരെ വാളെടുത്ത് രംഗത്തെത്തിയത്. എന്നാൽ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് 2015ലെ സിവിൽ സർവീസിൽ ഒന്നാംറാങ്ക് നേടിയ ടിന ടാബി അതേപരീക്ഷയിൽ രണ്ടാമതെത്തിയ കാശ്മീർ സ്വദേശി അഥർ ഖാനെ വിവാഹം ചെയ്തു. ഇരുവരുടേയും വിവാഹം രാജ്യം തന്നെ ചർച്ച ചെയ്യുകയും ഉപരാഷ്ട്രപതിയും സ്പീക്കറും ഉൾപ്പടെയുള്ള പ്രമുഖർ പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു.

എന്നാൽ ഈ ‘വൈറൽ’ ദമ്പതികൾ വിവാഹമോചിതരാകാൻ പോകുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ജയ്പുരിലെ കുടുംബകോടതിയിൽ ഉഭയ സമ്മതപ്രകാരം അപേക്ഷ നൽകിയെന്നാണ് റിപ്പോർട്ട്.

രാജസ്ഥാൻ കേഡറിൽ ജയ്പുരിലാണ് ഐഎഎസ് ഉദ്യോഗസ്ഥരായ ഇരുവരും ജോലി ചെയ്യുന്നത്. നേരത്തെ, ടിന തന്റെ സമൂഹമാധ്യമങ്ങളിലെ തന്റെ പേരിൽ നിന്ന് ‘ഖാൻ’ ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ അകലുന്നതായി വാർത്തകളുണ്ടായിരുന്നു. അഥർ ഖാനാകട്ടെ ഇൻസ്റ്റാഗ്രാമിൽ ടിനയെ അൺഫോളോയും ചെയ്തിരുന്നു.

സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദളിത് യുവതിയാണ് ഭോപ്പാലിൽ നിന്നുള്ള ഡൽഹി സ്വദേശിനി ടിന. ഐഎഎസ് സ്വപ്‌നവുമായി മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിലെത്തിയ ഇരുവരും അവിടെ വച്ചാണ് പ്രണയത്തിലാകുന്നത്. ഐഎഎസ് കരസ്ഥമായതോടെ വിവാഹിതരാവുകയും ചെയ്തു.

ഇരുവരുടേയും ഡൽഹിയിലെ വിവാഹവിരുന്നിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിവാഹത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഹിന്ദു മഹാസഭ രംഗത്തെത്തുകയും ചെയ്തിരുന്നു.

Exit mobile version