കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍; പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതുസ്ഥലത്ത് തുപ്പുക, ക്വാറന്റൈന്‍ ലംഘനം, മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്ക്ക് 2,000 രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയത്.

വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 500ല്‍ നിന്ന് 2000 ആക്കി വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഡല്‍ഹിയില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം ഡല്‍ഹിയില്‍ പുതുതായി 6608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 517238 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 118 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

Exit mobile version