ബിജെപി ഭരണത്തില്‍ സിബിഐ ഒരു മുറുക്കാന്‍ കടയായി അധഃപതിച്ചു; വിമര്‍ശിച്ച് മഹാരാഷ്ട്ര ടെക്‌സൈറ്റല്‍ വകുപ്പ് മന്ത്രി

മുംബൈ: ബിജെപി ഭരണത്തില്‍ സിബിഐ ഒരു മുറുക്കാന്‍ കട (പാന്‍ ഷോപ്പ്) യായി അധഃപതിച്ചെന്ന് മഹാരാഷ്ട്ര ടെക്‌സൈറ്റല്‍ വകുപ്പ് മന്ത്രി അസ്ലം ഷെയ്ഖ്. സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതമില്ലാതെ സിബിഐക്ക് കേസ് എടുക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അസ്ലം ഷെയ്ഖ്. ‘ബിജെപിയുടെ കീഴില്‍ സിബിഐ ഒരു പാന്‍ കടയായി മാറിയിരിക്കുകയാണ്. അത് എവിടേയും പോകുന്നു, ആര്‍ക്കെതിരേയും കേസെടുക്കുന്നു, പ്രത്യേകിച്ച് ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍.’ -അസ്ലം ഷെയ്ഖ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍, സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതമില്ലാതെ സിബിഐക്ക് അവയുടെ അധികാരപരിധിയില്‍ അന്വേഷണം നടത്താനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. സിബിഐയെ നിയന്ത്രിക്കുന്ന ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു വിധി.

‘നിയമപ്രകാരം സിബിഐയുടെ അധികാരപരിധി സംസ്ഥാനങ്ങളുടെ സമ്മതമില്ലാതെ കേന്ദ്രത്തിന് വ്യാപിപ്പിക്കാനാവില്ല. ഭരണഘടനയിലെ ഫെഡറല്‍ ഘടനയ്ക്ക് അനുസൃതമായാണ് ഈ നിയമം’- ബെഞ്ച് ചൂണ്ടിക്കാട്ടി.

Exit mobile version