‘മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്സ് നനയുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല, ഒരു ഭീരുവിനെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്’; കാര്‍ അപകടം വ്യാജമാണെന്ന് ആരോപിച്ച് എത്തിയാള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഖുശ്ബു സുന്ദര്‍

ചെന്നൈ: രണ്ട് ദിവസം മുമ്പാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കടലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ടാങ്കര്‍ ലോറി വന്നിടിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഖുശ്ബു തന്നെയാണ് അപകടവിവരം അറിയിച്ചത്.

എന്നാല്‍ ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ കാര്‍ട്ടൂണിസ്റ്റ് ബാല എന്നയാള്‍ക്ക് ശക്തമായ ഭാഷയില്‍ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് ഖുശ്ബു. ‘നിങ്ങള്‍ക്ക് വേണ്ടി പോരാടിയ എന്നോട് ഇങ്ങനെ സംസാരിക്കുന്നതില്‍ ലജ്ജിക്കുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്സ് നനയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. ഒരു ഭീരുവിനെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്. വേഗം സുഖം പ്രാപിക്കുക ബാല’ എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഖുശ്ബു മികച്ച നടിയാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്. പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വാ. ഇതില്‍ നിരവധി പഴുതുകളുണ്ട്’ എന്നാണ് അപകടം സംഭവിച്ച കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന താരത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് ബാല എന്നയാള്‍ ട്വീറ്റ് ചെയ്തത്.

Exit mobile version