‘ഹലോ, മൈ ഫ്രണ്ട്’; മോഡിയെ അഭിസംബോധന ചെയ്ത് ലക്‌സംബർഗ് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘മൈ ഫ്രണ്ട്’ പരാമർശം അതിർത്തികൾക്ക് അപ്പുറത്തും വൻ ഹിറ്റായിരിക്കുകയാണ്. മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ലക്‌സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ പ്രധാനമന്ത്രിയെ ‘ഹലോ, മൈ ഫ്രണ്ട്’ എന്നാണ് അഭിസംബോധന ചെയ്തത്. ഇരുവരും തമ്മിൽ ഉച്ചകോടിയും നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ, കോവിഡാനന്തരമുള്ള പരസ്പര സഹവർത്തിത്വം കൂടുതൽ ദൃഢമാക്കൽ, ആഗോളവിഷയങ്ങളിൽ ഇരുരാഷ്ട്രങ്ങളും പുലർത്തുന്ന കാഴ്ചപ്പാടുകൾ എന്നിവ ഉച്ചകോടിയിൽ ചർച്ചയായി.

കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കോവിഡ് ഭീതി കാലത്ത് ഇന്ത്യ-ലക്‌സംബർഗ് പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും വീണ്ടെടുപ്പിന് ഗുണം ചെയ്യുമെന്നു പറഞ്ഞ മോഡി, ജനാധിപത്യത്തിലുള്ള നമ്മുടെ ഉഭയകക്ഷി വിശ്വാസം, സ്വാതന്ത്ര്യം, പരസ്പര ബന്ധം പങ്കാളിത്തം തുടങ്ങിയവയെ ശക്തിപ്പെടുത്തുന്നെന്നും പരാമർശിച്ചു. ലക്‌സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെൻറിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് കാരണം ഏപ്രിലിൽ ഗ്രാൻഡ് ഡ്യൂക്കിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു.

അതേസമയം, കൊറോണയെ നേരിടാൻ കാര്യക്ഷമമായി ഇടപെട്ടതിന് മോഡിയെ അഭിനന്ദിക്കുന്നെന്ന് ബെറ്റൽ പറഞ്ഞു. ”ഇരുരാജ്യബന്ധവും പരസ്പര സഹകരണത്തോടെ ദൃഢമായ ബന്ധം നിലനിർത്തി മുന്നോട്ട് പോവും”-അദ്ദേഹം പറഞ്ഞു.

മോഡിയും സേവ്യർ ബെറ്റലും നേരത്തെ മൂന്ന് സന്ദർഭങ്ങളിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും രണ്ടു പതിറ്റാണ്ടുകൾക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉച്ചകോടിയാണിത്.

Exit mobile version