സത്യപ്രതിജ്ഞ ചെയ്തിട്ട് മൂന്നുദിവസം; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

പട്ന: സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴേയ്ക്കും ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്ലാല്‍ ചൗധരി രാജിവെച്ചു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മേവ്ലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. വിമര്‍ശനങ്ങള്‍ കടുത്തപ്പോഴാണ് അദ്ദേഹം സ്വയം സ്ഥാനമൊഴിയുന്നുവെന്ന് അറിയിച്ചത്.

ജെഡിയു അംഗമായ മേവ്ലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിലാണ് ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നത്.

ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍. ശേഷം വിവാദം ശക്തമായതോടെ ജെഡിയുവില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പിന്നാലെ തിരിച്ചെടുക്കുകയായിരുന്നു.

Exit mobile version