രാത്രി വൻആക്രമണം നടത്താൻ പദ്ധതിയിട്ടു; ഡൽഹിയിൽ ജെയ്‌ഷെ തീവ്രവാദി സംഘം പിടിയിൽ

ന്യൂഡൽഹി: ന്യൂഡൽഹിയിൽ രാത്രിയിൽ വൻആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ നഗരത്തിൽ വൻ ആക്രമണം അഴിച്ചുവിടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇത് പരാജയപ്പെടുത്തിയതായും ഡൽഹി പോലീസ് അറിയിച്ചു.

ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് സരൈ കാലെ ഖാനിൽ നിന്ന് തീവ്രവാദ ബന്ധമുള്ള രണ്ടു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കാശ്മീർ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകൻ അബ്ദുൽ ലത്തീഫ് (21), കുപ്‌വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിർ അഹ്മദിന്റെ മകൻ അഷ്‌റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാർക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നു പോലീസ് അറിയിച്ചു. ജമ്മു കാശ്മീർ നിവാസികളായ ഇവരിൽ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ടെന്നും ഡൽഹി പോലീസ് പറഞ്ഞു.

Exit mobile version